അരുവിക്കര: വി.എസിനെ അവഗണിച്ചതില്‍ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം

തിരുവനന്തപുരം: അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെ ഉപയോഗപ്പെടുത്തുന്നതിന് പകരം ഉപതെരഞ്ഞെടുപ്പിനെയും പകപോക്കലിന്റെ വേദിയാക്കുന്ന സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ അണികളില്‍ പ്രതിഷേധം പടരുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവില്‍ നിന്ന് മാറ്റി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയ ഇടത് മുന്നണി ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പാണ് അണികളില്‍ പ്രതിഷേധത്തിനും ആശങ്കക്കും കാരണമായിട്ടുള്ളത്.

പിണറായി വിജയന്‍ നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണചുമതല വഹിക്കുന്ന മണ്ഡലത്തില്‍ വി.എസ് തഴയപ്പെട്ടത് മന:പൂര്‍വ്വമാണെന്ന വികാരമാണ് ഇടത് മുന്നണിയിലെ സംസ്ഥാന നേതാക്കള്‍ക്കുമുള്ളത്.

ഇക്കാര്യത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് ശക്തമായ എതിര്‍പ്പുള്ളതായാണ് സൂചന. വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഘടകക്ഷികളും ധരിച്ചിരുന്നത്.

വി.എസിനെ മന:പൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് പിണറായിയുടെ പേരും മൂന്നിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ ചേരുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

മൊത്തത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പിണറായിയുടെ പേര് പ്രത്യേകിച്ച് കണ്‍വെന്‍ഷനില്‍ ആവശ്യമില്ലെന്നും എല്ലാം പിണറായിയുടെ നിര്‍ദേശമനുസരിച്ചാണെന്നുമാണ് ഇത് സംബന്ധമായ ചോദ്യത്തിന് മുതിര്‍ന്ന സിപിഎം നേതാവ് നല്‍കിയ മറുപടി.

പാര്‍ട്ടി വിരുദ്ധനെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രമേയം വഴി പരസ്യമായി കുറ്റപ്പെടുത്തുകയും നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടകനായി വി.എസ് എത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

മാത്രമല്ല വി.എസിനെ മാത്രം ആശ്രയിക്കാതെ തെരഞ്ഞെടുപ്പിനെ നയിക്കേണ്ടതും വിജയിപ്പിക്കേണ്ടതും അടുത്ത ഇടതുമുന്നണി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകുന്ന പിണറായിക്ക് വ്യക്തിപരമായും അനിവാര്യമാണ്.

വി.എസിന്റെ വ്യക്തി പ്രഭാവം കൊണ്ടാണ് അരുവിക്കരയില്‍ പ്രചാരണം നടത്തുന്നതെന്ന വാദം ഇനിയും ഉയര്‍ന്നാല്‍ അത് വി.എസിനെതിരായ നീക്കങ്ങളെ ബാധിക്കുമെന്ന നിഗമനവും സിപിഎം നേതൃത്വത്തിനുണ്ട്.

അതേസമയം കേരള രഷ്ട്രീയത്തില്‍ നിര്‍ണായകമായ അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നതിനാല്‍ വി.എസിനെ പ്രകോപിപ്പിക്കരുതെന്ന വികാരമാണ് അണികള്‍ക്കുള്ളത്.

ഇടതുമുന്നണിക്ക് ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് വി.എസ് ആണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മറ്റ് നേതാക്കളെ പോലെ തന്നെയെ വി.എസും ഉണ്ടാകൂവെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിണറായിയും കോടിയേരിയും നേതൃത്വം നല്‍കുമെന്നാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടിയില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും വി.എസിനെ ഒതുക്കുന്ന കാഴ്ചയാണ് അരുവിക്കരയില്‍ ദൃശ്യമാകുന്നത്.

Top