അലിഗഢ്: അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നല്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് വൈസ് ചാന്‍സര്‍ കത്തെഴുതി. അടുത്ത മാസം ഒന്നിന് രാജാ മഹേന്ദ്ര പ്രതാപ് എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനം ആഘോഷിക്കാന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.
ഇതിനെ സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടി എതിര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ ചതുരംഗക്കളി ഗുരുതരമായ പ്രശ്നങ്ങളിലാണ് കലാശിക്കുകയെന്ന് വി സി സമീറുദ്ദീന്‍ ഷാ അയച്ച കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ പേര് കത്തില്‍ പരാമര്‍ശിക്കുന്നില്ല. പ്രമുഖ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ പരിപാടി നടത്തുമെന്ന് ചിലര്‍ പ്രഖ്യാപിക്കുകയും ഒരു വിഭാഗം ഇതിനെ എതിര്‍ക്കുകയും ചെയ്തതിനാല്‍ പ്രശ്നമുണ്ടാകുമെന്ന ഭീഷണിയിലാണ് തങ്ങള്‍. ഇത്തരം രാഷ്ട്രീയ കളികള്‍ അനുവദിക്കുന്നത് ഗുരുതര പ്രശ്നമുണ്ടാക്കും. കത്തില്‍ പറയുന്നു. നേരത്തെ ബി ജെ പി, എ ബി വി പി നേതാക്കളുമായി ഈ വിഷയം വി സി ചര്‍ച്ച ചെയ്തിരുന്നു.
ജാട്ട് രാജാവായി കണക്കാക്കുന്ന രാജാ മഹേന്ദ്ര പ്രതാപിന്റെ ജന്മദിനം ആഘോഷിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബജ്പയ് ആണ് പ്രഖ്യാപിച്ചത്. സര്‍വകലാശാലക്ക് വേണ്ട ഭൂമി അദ്ദേഹമാണ് സംഭാവന ചെയ്തത്. ഇതിനെ എസ് പി എതിര്‍ത്തതോടെ രാഷ്ട്രീയ വിഷയമാകുകയായിരുന്നു. പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. അതേസമയം, അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത് മണി വരെ കത്ത് ലഭിച്ചിട്ടില്ല. കത്ത് ലഭിച്ച് വായിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് അവര്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുന്ന തരത്തിലുള്ള പരിപാടി ബി ജെ പി സംഘടിപ്പിക്കുകയില്ലെന്ന് മാനവവിഭവശേഷി സഹമന്ത്രി ആര് എസ് ഖതേരിയ പറഞ്ഞു.
സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് ബി എസ് പി നേതാവ് മായാവതി പറഞ്ഞു. ഈ വിഷയം സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും അവര്‍ പറഞ്ഞു. സംഘര്‍ഷം സൃഷ്ടിക്കാന്‍ ധ്രുവീകരണം നടത്തല്‍ ബി ജെ പിയുടെ നയമാണെന്ന് എന്‍ സി പി നേതാവ് താരീഖ് അന്‍വര്‍ പറഞ്ഞു.