ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കുറ്റാരോപിതനായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റ് കോടതി വിലക്കി.
നവംബര്‍ 28 വരെ രാകേഷിനെ അറസ്റ്റു ചെയ്യരുതെന്നാണ് സിബിഐയോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അസ്താന നല്‍കിയ ഹര്‍ജിയിലാണു ഉത്തരവുണ്ടായിരിക്കുന്നത്.
രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്ന വ്യവസായിയുടെ പരാതിയിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തിരുന്നത്. വ്യവസായി മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കവെ കൈക്കൂലി വാങ്ങിയെന്ന പരാതിയിലായിരുന്നു അസ്താനയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്.