മാണിക്കും അനൂപ് ജേക്കബിനുമെതിരെ പിള്ള വിജിലന്‍സില്‍; ലക്ഷ്യം ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലൂടെ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ.

ധനമന്ത്രി കെ.എം മാണി, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലമാണ് പരാതി നല്‍കിയിട്ടുള്ളത്.

2014 സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടി ഒന്നും എടുക്കാത്തിനാല്‍ ഉമ്മന്‍ചാണ്ടിയും കുറ്റക്കാരനാകും.

ക്രഷര്‍, ബേക്കറി, അരിമില്‍ ഉടമകളില്‍ നിന്നും പണം വാങ്ങിയെന്നാണ് മന്ത്രി മാണിക്കെതിരായ ആരോപണം. കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിനായി മന്ത്രി അനൂപ് ജേക്കബ് പണം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ രജിസ്‌ട്രേഷന്‍ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും തൊഴില്‍ വകുപ്പിലും അഴിമതി നടന്നതായും പരാതിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 27ന് മന്ത്രിമാര്‍ക്കെതിരായ ആരോപണം താനും കെ.ബി ഗണേഷ്‌കുമാറും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍, എഴുതി നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഇതു പ്രകാരം പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ല. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബാലകൃഷ്ണപിള്ള പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിജിലന്‍സ് നടപടിയെടുത്തില്ലെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം പിള്ള കോടതിയെ സമീപിച്ചാല്‍ മുഖ്യമന്ത്രിയെയും പ്രതിചേര്‍ക്കാനാവും.

നേരത്തെ സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി കോഴവാങ്ങിയതും ഉമ്മന്‍ചാണ്ടിയും സരിതയുമായുള്ള ബന്ധവും സംബന്ധിച്ച് പിള്ള മൊഴി നല്‍കിയിരുന്നു.

Top