സൂറിച്ച്: തുടര്‍ച്ചയായി അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. ചുമതലകളില്‍ നിന്നും ഒഴിവാക്കി അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഫിഫ നിര്‍ദേശിച്ചു.
സെക്രട്ടറി ജനറലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അതുവരെ അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതായും ഫിഫ പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് അഴിമതിയിലും ജെറോം വാല്‍ക്കിന് ബന്ധമുണ്ടെന്ന് വ്യാഴാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
പുതിയ പ്രസിഡന്റാവാനുള്ള പരിഗണനാ ലിസ്റ്റിലുള്ള ആളാണ് ജെറോംവാല്‍ക്ക്. നിലവില്‍ സെപ് ബ്‌ളാറ്റര്‍ക്കു തൊട്ടുതാഴെ ഫിഫയിലെ രണ്ടാമനാണ് അദ്ദേഹം. എന്നാല്‍ ഗുരുതര ആരോപണങ്ങളുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ജെറോം വാല്‍ക്ക് ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം നേരിടുകയാണ്.
വാല്‍ക്കിനെതിരെ 10 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പണം കൈപറ്റി എന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. 2010 ലോകകപ്പ് അനുവദിക്കുന്നതിനായി വോട്ടുറപ്പിക്കാന്‍ ജെറോം വാല്‍ക്ക് കരീബിയന്‍ രാജ്യങ്ങള്‍ക്ക് ഒരു കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.