അഴിമതി: ചൈനയിലെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ പുറത്ത്

ബീജിംഗ്: അഴിമതിക്കെതിരായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ആരംഭിച്ച കര്‍ശന നടപടികളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതന്‍ പുറത്ത്. ഇതാദ്യമായാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് പുറത്താകുന്നത്. അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഴാംഗ് കുന്‌ഷേംഗ് കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിലാണ് ചുമതലയില്‍ നിന്ന് നീക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നു.

അച്ചടക്ക ലംഘനത്തെ അഴിമതിയുടെ പരിധിയിലാണ് ചൈനീസ് ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോട്ടോകോള്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഴാംഗ് നാല് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിമാരില്‍ ഏറ്റവും തലമുതിര്‍ന്നയാളാണ്. ചൈനീസ് നയതന്ത്രജ്ഞരും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും അഴിമതിക്കുറ്റത്തില്‍ പെടുന്നത് അത്യപൂര്‍വമാണ്. ചൈനീസ് പാര്‍ട്ടിയിലെയും സൈന്യത്തിലെയും അടക്കം നൂറ് കണക്കിന് പേരാണ് ഇപ്പോള്‍ അഴിമതിക്കുറ്റത്തിന് അന്വേഷണം നേരിടുന്നത്.

പാര്‍ട്ടിയുടെയും ഭരണത്തിന്റെയും വിശ്വാസ്യത തിരിച്ചു പിടിക്കാനായി സി ജിന്‍പിംഗ് തുടങ്ങിയ നടപടി ഭരണസംവിധാനത്തിന്റെ സമസ്ത മേഖലയിലേക്കും പടര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ കുടുങ്ങുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു മുന്‍ സുരക്ഷാ മേധാവി ഴൗ യോംഗ്കാംഗ്.

Top