സ്റ്റോക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ രണ്ട് ലൈംഗികാപവാദക്കേസുകള്‍ സ്വീഡന്‍ ഉപേക്ഷിച്ചു. കേസില്‍ അസാന്‍ജിനെ ചോദ്യംചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, ഒരു ബലാത്സംഗക്കേസ് അസാന്‍ജിനെതിരെ നിലവിലുണ്ട്.
കേസുകളുടെ അഞ്ചു വര്‍ഷം സമയപരിധി അവസാനിച്ചതിനാല്‍ അന്വേഷണ നടപടികള്‍ തള്ളുകയാണെന്ന് പ്രോസിക്യൂട്ടര്‍ മരിയാന നൈ പറഞ്ഞു. എന്നാല്‍, ഗുരുതരമായ ബലാത്സംഗക്കേസില്‍ അസാന്‍ജിനെ ചോദ്യംചെയ്യുമെന്ന് അവര്‍ അറിയിച്ചു. ബലാത്സംഗക്കേസിന്റെ സമയപരിധി 10 വര്‍ഷമാണ്.
2010ല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അസാന്‍ജിനെതിരായ അന്വേഷണം തള്ളണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിവരെ തീരുമാനമായിരുന്നില്ല. സമയപരിധിക്കകം കുറ്റക്കാരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്‌ളെങ്കില്‍ പിന്നീട് അവരെ വിചാരണ ചെയ്യാനാകില്‌ളെന്നതാണ് സ്വീഡിഷ് നിയമം.
എക്വഡോര്‍ എംബസിയില്‍നിന്ന് അസാന്‍ജിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. തുടക്കത്തില്‍ ചോദ്യംചെയ്യാന്‍ രാജ്യത്ത് എത്തണമെന്ന് സ്വീഡന്‍ നിര്‍ബന്ധം ചെലുത്തിയിരുന്നു. എന്നാല്‍, സ്വീഡന്‍ അധികൃതര്‍ അമേരിക്കക്ക് കൈമാറിയേക്കുമെന്നതിനാല്‍ അസാന്‍ജ് അതിന് തയാറായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനിലെ എംബസിയില്‍ ചോദ്യംചെയ്യാന്‍ സ്വീഡന്‍ തയാറായിരുന്നു. സ്വീഡന്റെ അപേക്ഷയില്‍ എക്വഡോര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.