അസുസ് തങ്ങളുടെ സെന്‍ഫോണ്‍ ശ്രേണിയിലെ പുതിയ മൂന്ന് ഫോണുകള്‍ കൂടി വിപണിയലെത്തിച്ചു. സെന്‍ഫോണ്‍2 ഡീലക്സ്, സെന്‍ഫോണ്‍ സെല്‍ഫീ, സെന്‍ഫോണ്‍ ലേസര്‍ എന്നിവയാണ് പുതിയ മോഡലുകള്‍. നേരത്തെ വിപണിയിലെത്തിയ ഫോണായ സെന്‍ഫോണ്‍ 2ന്റെ പരിഷ്കരിച്ച മോഡലുകളാണ് ഡീലക്സ്, ലേസര്‍ എന്നിവ.
സെന്‍ഫോണ്‍2 നെ കൂടുതല്‍ മനോഹരമാക്കിയാണ് സെന്‍ഫോണ്‍2 ഡീലക്സ് അവതരിപ്പിച്ചിരിക്കുന്നതെങ്കില്‍ മികച്ച ക്യാമറയുമായാണ് സെന്‍ഫോണ്‍2 ലേസര്‍ എന്ന മോഡല്‍ എത്തുന്നത്. സെന്‍ഫോണ്‍ 2 വുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസൈനിലുണ്ടായിരിക്കുന്ന മാറ്റമാണ് എടുത്തു പറയേണ്ടത്.
നിരവധി ത്രികോണ രൂപങ്ങള്‍ ഒരുമിച്ചുകൂട്ടിയ ക്രിസ്റ്റല്‍ സമാന രൂപത്തിലുള്ള നിറപ്പകിട്ടാര്‍ന്ന പുറം ചട്ടയുമായാണ് ഡീലക്സ് എത്തിയിരിക്കുന്നത്. ഈ പോളിഗണ് ഡിസൈന്‍ ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മറ്റൊരു പ്രത്യേകത 64 ജിബി ആന്തരിക സ്റ്റോറേജ് ശേഷിയാണ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും.
സെന്‍ഫോണ്‍ 2ലേത് പോലെ ഡീലക്സും സെന്‍ യുഐ അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 13 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ ക്യാമറയുമായെത്തുന്ന ഫോണ്‍ 1080 പിക്സല്‍ റെസല്യൂഷനുള്ള വീഡിയോ റിക്കോര്‍ഡിംഗിനും ഉപയോഗിക്കാം. 39 മിനിറ്റിനുള്ളില്‍ 60% വരെ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്ന 3000 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് സെന്‍ഫോണ്‍2 ഡീലക്സിന് കരുത്തേകുന്നത്.
സെന്‍ഫോണ്‍ 2 വിന്റെ അടിസ്ഥാന മോഡലായ ZE500CL ലേത് പോലെ 720 പിക്സല്‍ വ്യക്തത നല്കുന്ന 5 ഇഞ്ച് നോണ്ഐപിഎസ് ഡിസ്പ്ലേയുള്ള മോഡലാണ് സെന്‍ഫോണ്‍ 2 ലേസര്‍. ഇതിലെ 8 മെഗാ പിക്സല്‍ ക്യാമറ ലേസറിലെത്തുമ്പോള് 13 മെഗാപിക്സലായി മാറുന്നുണ്ട്.അതോടൊപ്പം ‘സൂപ്പര്‍ റെസല്യൂഷന്‍ മോഡ്’എന്ന ഫീച്ചര്‍ ഉപയോഗിച്ച് 52 മെഗാപിക്സല്‍ റെസല്യൂഷന്‍ വരെ നല്കാന് ലേസറിന്റെ ക്യാമറയ്ക്കാകും.
പേരിലെ ലേസര്‍ സൂചിപ്പിക്കുന്നത് പോലെ ലേസര്‍ ഓട്ടോഫോക്കസിംഗ് ആണ് ഇതിന്റെ പിന് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ വേഗത്തിലുള്ള ഫോക്കസിംഗ് ഇതിലൂടെ സാധ്യമാകും. ZE500CL- 2 എംപി മുന്‍ ക്യാമറ ലേസറില്‍ 5 എംപിയാക്കി സെല്‍ഫി പ്രേമികളെ തൃപ്തിപ്പെടുത്താന്‍ അസുസ് ശ്രമിച്ചിട്ടുണ്ട്. 85 ഡിഗ്രീ വൈഡ് ആംഗിള്‍ ലെന്സുമായെത്തുന്ന മുന്‍ക്യാമറയില്‍ കൂടുതല്‍ വിശാലമായ സെല്‍ഫികള്‍ എടുക്കാന്‍ കഴിയും. ള/2.0 അപേര്‍ച്ചറുള്ള ലെന്‍സാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
മുന്‍ഗാമികളായ മോഡലുകളില്‍ നിന്നും ഇന്റല്‍ ആറ്റം പ്രോസസറിനെ ഒഴിവാക്കി ക്വാള്‍കോം സ്നാപ്പ്ഡ്രാഗണ്‍ 410 പ്രോസസറുമായാണ് സെന്‍ഫോണ്‍ 2 ലേസര്‍ എത്തിയിരിക്കുന്നത്. 2 ജിബി റാമുള്ള ഫോണ്‍ 8 ജിബി 16 ജിബി എന്നീ ആന്തരിക സ്റ്റോറേജുകളിലും ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് കരുത്തേകുന്നത് 2400 മില്ലി ആമ്പിയര്‍ ബാറ്ററിയാണ്.