ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്കാ ലാംബയ്ക്കുനേരെ ആക്രമണം

ന്യൂഡല്‍ഹി: മയക്കുമരുന്നിന് എതിരായ പ്രചാരണ പ്രവര്‍ത്തനത്തിനിടെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്കാ ലാംബയ്ക്കുനേരെ ആക്രമണം. കല്ലേറില്‍ ലാംബയുടെ തലയ്ക്ക് പരിക്കേറ്റു.

പൊലീസ് മതിയായ സംരക്ഷണം നല്‍കാത്തതിനാലാണ് ആക്രമണം ഉണ്ടായതെന്ന ആരോപണവുമായ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

കശ്മീരി ഗേറ്റിനടത്ത് രാവിലെ 6 മണിയോടെയാണ് ചാന്ദ്‌നി ചൗക്ക് എം.എല്‍.എ അല്‍ക്കാ ലാംബക്ക് നേരെ ആക്രമണമുണ്ടായത്. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്ന അല്‍ക്കക്ക് നേരെ മുഖം മറച്ച് എത്തിയ യുവാവ് കല്ലെറിയുകയായിരുന്നു.

പരിക്കേറ്റ എ.എല്‍.എ യെ അരുണ അസഫ് അലി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അല്‍ക്കയെ ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം ഉണ്ടായതെന്നും ആം ആദ്മി കുറ്റപെടുത്തി. ദില്ലി സര്‍ക്കാരും പൊലീസും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് എം.എല്‍.എ ആക്രമിക്കപ്പെട്ട സംഭവത്തിലും പോലീസിനെതിരെ ആം ആദ്മി ആരോപണം ഉയര്‍ത്തുന്നത്.

പൊലീസിന്റെ കൂടെ അറിവോടെയാണ മയക്കുമരുന്ന് കച്ചവടം നടക്കുന്നതെന്നും മയക്കുമരുന്നിന് എതിരായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഭയന്ന് പിന്മാറില്ലെന്നും അല്‍ക്ക ലാംബ ട്വീറ്റ് ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആക്രമി ബിജെപി എം.എല്‍.എയുടെ കടയിലെ ജീവനക്കാരനാണ് ആക്രമിച്ചതെന്നും ആം ആദ്മി നേതാവ് അശുതോഷ് ആരോപിച്ചു.

എം.എല്‍.എക്ക് നേരെയുള്ള ആക്രമണം ഡല്‍ഹി പോലീസിനെതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

Top