ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രവിജയത്തിന്റെ മധുവിധു മാറും മുന്‍പെ ആം ആദ്മി പാര്‍ട്ടി പളര്‍പ്പിലേക്ക്. ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും എഎപി ദേശീയ കൗണ്‍സിലില്‍ നിന്നു പുറത്താക്കി. കേജ്‌രിവാള്‍ ജനാധിപത്യത്തെ കൊല ചെയ്തുവെന്ന് ആരോപിച്ച് ഇരുവരും പാര്‍ട്ടി വിടുമെന്ന സൂചന നല്‍കി.
വോട്ടെടുപ്പിലൂടെയാണ് ഇരുവരെയും പുറത്താക്കാനുള്ള തീരുമാനം അംഗീകരിച്ചത്. ഇത് രണ്ടാം തവണയാണ് ഇവര്‍ക്കെതിരെ അച്ചടക്ക നടപിടയുണ്ടാകുന്നത്. നേരത്തെ എഎപി നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരം ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം ഇപ്പോഴുണ്ട്.
യോഗത്തിനുശേഷം പുറത്തുവന്ന യാദവ്, കേജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കേജ്‌രിവാള്‍ ജനാധിപത്യത്തെ കൊല ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗം വെറും പ്രഹസനമായിരുന്നു. തങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ ആരും തയാറായില്ല. ഒരു ചര്‍ച്ചയും നടന്നില്ല. ചില എംഎല്‍മാര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയത്. രണ്ട് എംഎല്‍എമാര്‍ പ്രശാന്ത് ഭൂഷണെ ആക്രമിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ഇത് ദുഃഖകരമായ ദിവസമെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു. നേരത്തെ തയാറാക്കിയ തിരക്കഥ പോലെയാണ് ഇന്നത്തെ കാര്യങ്ങള്‍ നടന്നത്.
നാടകീയ മുഹൂര്‍ത്തങ്ങളാണ് ഇന്നു നടന്ന എഎപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അരങ്ങേറിയത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിനുനേരെ കയ്യേറ്റ ശ്രമമുണ്ടായി. യാദവ് സമ്മേളന സ്ഥലത്തിനു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അര്‍ഹതപ്പെട്ടവരെയല്ല ഇന്നത്തെ യോഗത്തില്‍ വിളിച്ചതെന്നും ക്ഷണിക്കപ്പെട്ടവരെപ്പോലും യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും പറഞ്ഞായിരുന്നു കുത്തിയിരിപ്പ് നടത്തിയത്.
തുടര്‍ന്ന് യാദവിനെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. ഉടന്‍തന്നെ കേജ്‌രിവാള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇതോടെ എഎപി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായി.
യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന് കെജ്‌രിവാളും ആരോപിച്ചിരുന്നു.
2015ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 67ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ച് ഡല്‍ഹി ഭരണം പിടിച്ചത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റു പോലും നല്‍കാതെ നിലംപരിശാക്കാനും ആപ്പിനു കഴിഞ്ഞു. മോഡി നേരിട്ടു പ്രചരണ നേതൃത്വം ഏറ്റെടുത്തിട്ടും മുന്‍ ആപ് നേതാവ് കിരണ്‍ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടും ബിജെപിക്ക് മൂന്ന് എംഎല്‍എമാരില്‍ ഒതുങ്ങേണ്ടി വന്നു.