വാഷിംഗ്ടണ്‍: ആഗോള ബ്രാന്‍ഡിങ് സര്‍വേയില്‍ ഇന്ത്യക്ക് മുപ്പത്തിയൊന്നാം സ്ഥാനം. അന്‍പതു രാജ്യങ്ങള്‍ക്കിടയില്‍ ഗവേഷകസ്ഥാപനമായ അനോള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇന്ത്യയുടെ ഈ നേട്ടം. ബ്രാന്‍ഡ് എന്ന നിലയില്‍ വിവിധ രാജ്യങ്ങളുടെ പൊതുസമ്മതി വിലയിരുത്തുന്നതിനു വേണ്ടിയാണ് ആഗോള വാര്‍ഷികസര്‍വേ നടത്തിയത്.
അമേരിക്കയെ പിന്തള്ളി ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2009ല്‍ സര്‍വേ ആരംഭിച്ചതു മുതല്‍ അമേരിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. കയറ്റുമതിയില്‍ ഇന്ത്യക്ക് 26ാം സ്ഥാനവും സാംസ്‌കാരികമേഖലയില്‍ 23ാം സ്ഥാനവുമാണ്. ബ്രസീല്‍ 21, ചൈന 23, റഷ്യ 25 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ റാങ്ക്.
ഓരോ രാജ്യത്തിന്റെയും ആഗോളസമ്മതിയായിരുന്നു സര്‍വേയുടെ അടിസ്ഥാനം. കയറ്റുമതി, ഭരണം, സംസ്‌കാരം, ജനങ്ങള്‍, വിനോദസഞ്ചാരം, വിദേശത്തു തൊഴില്‍ തേടുന്നവരുടെ എണ്ണം, നിക്ഷേപം തുടങ്ങിയവയായിരുന്നു സര്‍വേയ്ക്ക് ആധാരമാക്കിയത്. ശാസ്ത്രസാങ്കേതിക മേഖലയ്ക്കു നല്‍കുന്ന സംഭാവന, പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍, ആ രാജ്യത്തിന്റെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതില്‍ ജനങ്ങള്‍ അഭിമാനിക്കുന്നുണ്ടോ എന്നിവയായിരുന്നു ഉല്‍പാദനമേഖലയിലെ മാനദണ്ഡങ്ങള്‍.