ആഗോള വിപണിയില്‍ നേട്ടം കൊയ്ത് ഷവോമി

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൂന്നാംസ്ഥാനം നേടി ഷവോമിയ്ക്ക് വന്‍ മുന്നേറ്റം. സാംസങും ആപ്പിളുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിച്ച് മൂന്നു വര്‍ഷത്തിനുള്ളിലാണ് ഷവോമിയുടെ ഈ നേട്ടം.

ജൂലായ്-സെപ്തംബര്‍ മാസത്തില്‍ വിപണിയില്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകളില്‍ ആറുശതമാനം വിഹിതവുമായാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഈ നേട്ടം കൊയ്തത്. സാംസങ്ങും ആപ്പിളും തന്നെയാണ് ഇപ്പോഴും വിപണിയിലെ വമ്പന്‍മാര്‍. 25 ശതമാനം വിപണി വിഹിതമാണ് ഒന്നാംസ്ഥാനത്തുള്ള സാംസങിനുള്ളത്; 12 ശതമാനം ആപ്പിളിനും.

സ്ട്രാറ്റജി അനാലിറ്റിക്‌സ് നടത്തിയ മാര്‍ക്കറ്റ് പഠനത്തിലാണ് പുതിയ കണക്കുകളുള്ളത്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും വലിയ വളര്‍ച്ചയാണ് 2014 മൂന്നാം പാദത്തില്‍ ഉണ്ടായത്. 32 കോടി ഫോണുകള്‍ 2014 ജൂലായ്-സെപ്തംബര്‍ പാദത്തില്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വിപണിയിലുണ്ടായ വളര്‍ച്ച.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുത്തതാണ് വിപണിയിലെ ഭീമന്‍മാരായ സാംസങ്ങിന് തിരിച്ചടിയായത്. ഉയര്‍ന്ന ശ്രേണിയില്‍ ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളും, മിഡ് റേഞ്ചില്‍ ഷവോമി, എല്‍ജി, വാവേ, ലെനോവോ തുടങ്ങിയ കമ്പനികളും മികച്ച ഫോണുകള്‍ എത്തിച്ചതോടെയാണ് സാംസങ്ങിന് തിരിച്ചടി നേരിട്ടു തുടങ്ങിയത്.

Top