തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള മുഴുവന്‍ ഉപതിരഞ്ഞെുടുപ്പിലും വിജയം നേടിയ യുഡിഎഫിന് മുള്‍കിരീടമാകുന്നത് ഈ ആത്മവിശ്വാസം തന്നെ.
ഏറ്റവും ഒടുവിലായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനായത് മാത്രമല്ല സിപിഎം വോട്ടുബാങ്ക് ബിജെപി ചോര്‍ത്തിയതാണ് യുഡിഎഫ് നേതാക്കളെ ആവേശത്തിലും ആത്മവിശ്വാസത്തിലുമെത്തിച്ചത്.
അരുവിക്കര വിധിക്ക് ശേഷം സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി സീറ്റിലെയും കണക്കുകള്‍ കൂട്ടിക്കിഴിച്ച് ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തിയ യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ വെള്ളാപ്പള്ളി വിവാദം.
ബിജെപി -എസ്എന്‍ഡിപി യോഗ സഹകരണം വഴി സിപിഎം വോട്ടുകള്‍ ഭിന്നിക്കുമെന്നും ഈ ‘ഗ്യാപ്പില്‍’ രണ്ടാമതും നിഷ്പ്രയാസം കയറിക്കൂടാമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ കണക്കു കൂട്ടല്‍.
വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുപ്പം അറിയാവുന്നതുകൊണ്ടാണ് പിണറായി വിജയന്‍ തന്നെ ഈ അവിശുദ്ധ സഖ്യത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് തുറന്നടിച്ച് രംഗത്തു വന്നത്.
വെള്ളാപ്പള്ളിയുടെ ഗോഡ്ഫാദര്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പറഞ്ഞ് വി.എസും വിവാദത്തിന് എരിവ് പകര്‍ന്നു.
വി.എസ് അച്യുതാനന്ദനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രതികരണത്തിലെ ഒരു ‘പിഴവാണ്’ യുഡിഎഫിനേയും ബിജെപിയെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.
തനിക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന് വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തെ മുന്‍നിര്‍ത്തി നടത്തിയ കോടികളുടെ ഇടപാടുകള്‍ പുറം ലോകത്തെ അറിയിച്ചാണ് വി.എസ് തിരിച്ചടിച്ചത്.
വി.എസിന്റെ പിന്‍ബലത്തില്‍ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തെ സംബന്ധിച്ച് ബിജു രമേശ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയതോടെ മാറിമറിഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ്.
വി.എസിനെ പോലെ പൊതുസമൂഹം അംഗീകരിക്കുന്ന ഒരു നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിമരുന്നിട്ടത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമോ എന്ന പേടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും.
ശിവഗിരി മഠവും ശാശ്വതീകാനന്ദയുടെ സഹോദരിയുമെല്ലാം സ്വാമിയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെ വെട്ടിലായത് സര്‍ക്കാരാണ്.
ഭിന്നത മറന്ന് സിപിഎം നേതൃത്വം ഒറ്റക്കെട്ടായി വി.എസിന്റെ പിന്നില്‍ നിലയുറപ്പിച്ചതും കെപിസിസി പ്രസിഡന്റ് വെള്ളാപ്പള്ളിക്കെതിരായ നിലപാട് സ്വീകരിക്കുന്നതും ഫലത്തില്‍ ഇടതു വാദത്തിനാണ് ശക്തി പകരുന്നത്.
വെള്ളാപ്പള്ളിയുമായുള്ള ഉമ്മന്‍ചാണ്ടിയുടെ അടുപ്പത്തില്‍ അസംതൃപ്തരായ കെ.സി. വേണുഗോപാല്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എം ഷുക്കൂര്‍ തുടങ്ങിയ നല്ലൊരു വിഭാഗം നേതാക്കളും സുധീരന്റെ നിലപാടിനൊപ്പമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായകന്‍ മാറുമെന്ന ഹൈക്കമാന്റ് മുന്നറയിപ്പുള്ളതിനാല്‍ ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ്സിലെ എ വിഭാഗത്തെയും സംബന്ധിച്ച് വിജയം അനിവാര്യമാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടുകളെ പ്രതീക്ഷയോടെ അവര്‍ കണ്ടതും അതുകൊണ്ട് തന്നെയായിരുന്നു.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയോടാണ് നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമാണ് അവിടെ പയറ്റിയത്.
അരുവിക്കരയില്‍ ക്ലിക്കായ ഈ തന്ത്രം പക്ഷേ തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാവര്‍ത്തികമാക്കുന്നതിനു മുമ്പെ അതിന്റെ മുനയൊടിച്ചിരിക്കുകയാണ് സിപിഎം.
പിന്നോക്ക വിഭാഗത്തിന്റെ രക്ഷകനായും മൂന്നാം ബദലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പെട്ടെന്നുതന്നെ ചിത്രീകരിക്കപ്പെട്ട് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വെള്ളാപ്പള്ളി നടേശനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് സിപിഎമ്മിന്റെ നേട്ടം.
മറ്റെന്തിനേക്കാളും കേരളീയ സമൂഹം വെറുക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകവും തന്നെയാണ് ഇവിടെ സിപിഎം പ്രതിരോധത്തിന് ആയുധമാക്കിയത്.
ഒരു വേട്ടക്കാരന്റെ ആവേശത്തോടെ ആ കൃത്യം വി.എസ് നടപ്പാക്കാനിറങ്ങിയതാണ് കേരള രാഷ്ട്രീയത്തെ ഇപ്പോള്‍ പ്രവചനാതീതമാക്കിയിരിക്കുന്നത്.
ഒരുപക്ഷേ ബിജെപിക്ക് എസ്എന്‍ഡിപി ബന്ധമില്ലാതെ തന്നെ കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ ഉണ്ടാക്കാമായിരുന്ന നേട്ടംപോലും നഷ്ടപ്പെടുത്തുന്ന രൂപത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
സംസ്ഥാനത്ത് വ്യാപകമായ ബീഫ് വിവാദവും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സാറാ ജോസഫിനെപ്പോലെയുള്ള എഴുത്തുകാര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ കേന്ദ്രത്തിന് തിരിച്ചു നല്‍കിയതുമെല്ലാം വോട്ടര്‍മാരില്‍ എന്ത് പ്രതികരണമാണ് ഉണ്ടാക്കുകയെന്ന കാര്യത്തിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണയില്ല.
കഴിഞ്ഞ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി സോഷ്യല്‍ മീഡിയായും ദൃശ്യമാധ്യമങ്ങളും വലിയ രൂപത്തില്‍ സ്വാധീനം ചെലുത്തുന്ന തെരെഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്.
ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വലിയ രൂപത്തില്‍ പ്രാധാന്യം ലഭിക്കുന്നതും അവ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഓരോ വോട്ടര്‍മാരെയും വ്യക്തമായി സ്വാധീനിക്കുമെന്ന കാര്യവും ഉറപ്പാണ്.
അതുകൊണ്ടുതന്നെ നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.
അഴിമതിയും ശാശ്വതീകാനന്ദയുടെ മരണവും ഇടതു മുന്നണിയുടെ തുറുപ്പുചീട്ടാകുമ്പോള്‍ കേന്ദ്രഭരണത്തിനു കീഴില്‍ സുന്ദരമായൊരു കേരളമാണ് ബിജെപിയുടെ വാഗ്ദാനം. പിന്നോക്കവിഭാഗങ്ങളിലെ വോട്ടുകളിലാണ് അവരുടെ കണ്ണ്.
യുഡിഎഫ് ആകട്ടെ നിലവിലെ സാമുദായിക അന്തരീക്ഷത്തില്‍ ന്യൂനപക്ഷവോട്ട് ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് പടയൊരുക്കുന്നത്.
എസ്.എന്‍.ഡി.പി. യോഗവുമായി ചേര്‍ന്ന് ബിജെപി പിടിക്കുന്ന വോട്ടുകള്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനമാകുന്നത്. ഈ കണക്കുകൂട്ടല്‍ തെറ്റിക്കാനാണ് വി.എസിന്റെയും സിപിഎമ്മിന്റെയും പടയൊരുക്കം.