ആഡംബര കാര്‍ വിപണി ചുവടു വെച്ച് ഫോഡ്

ആഡംബര കാര്‍ വിപണിയില്‍ പുതു ചുവടു വയ്ക്കാന്‍ ഫോഡ് തയ്യാറെടുത്തു കഴിഞ്ഞു. കൂപ്പേ മോഡലായ മസ്റ്റാങ് ആണ് ഫോഡ് ഇതിനായി ആയുധമാക്കുന്നത്. ആകര്‍ഷകമായ രൂപകലപന, ഉന്നത ഫീച്ചറുകള്‍, മികച്ച എന്‍ജിന്‍ പ്രകടനം എന്നിവ കരുത്താക്കിയാണ് ഫോഡ് മസ്റ്റാങ് എത്തുന്നത്.

രണ്ട് നിരകളിലായി നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറാണ് മസ്റ്റാങ്. 305 ബി.എച്ച്,പി കരുത്തുള്ള, 3.7 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ മസ്റ്റാങിനെ നിയന്ത്രിക്കുന്നു. ആറ് ഓട്ടോമാറ്റിക് ഗിയറുകള്‍ നല്‍കിയിരിക്കുന്നു. റിയര്‍വീല്‍ ഡ്രൈവാണുള്ളതെന്നത് മികച്ച പ്രകടനം ഉറപ്പാക്കും. മൈലജ് ലിറ്ററിന് 11 കിലോമീറ്റര്‍ പ്രതീക്ഷിക്കാം. ഇന്ധനടാങ്കില്‍ 60 ലിറ്റര്‍ പെട്രോള്‍ നിറയും.

യാത്രികരുടെ സുരക്ഷയ്ക്കായി നാല് എയര്‍ ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം (എ.ബി.എസ്), എലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂട്ടര്‍ (ഇ.ബി.ഡി), എലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി) എന്നിവയുണ്ട്. അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒരുക്കിയിരിക്കുന്നു. കാറിന്റെ എക്‌സ് ഷോറൂം വില 40 ലക്ഷം രൂപ.

ഇന്ത്യന്‍ വിപണിയിലെ ആഡംബര വിഭാഗത്തില്‍ വന്‍ കുതിപ്പ് നടത്തുന്ന ഔഡിയുടെ ടി.ടി., ബി.എം.ഡബ്‌ള്യുവിന്റെ സെഡ് 4, പോര്‍ഷെ കേമാന്‍ എന്നിവയാണ് ഈ ശ്രേണിയില്‍ മസ്റ്റാങിന് മുന്നിലുള്ള പ്രമുഖ എതിരാളികള്‍.

Top