ആദായനികുതി പരിധി ഉയര്‍ത്തും

ന്യൂഡല്‍ഹി: ആദായനികുതി പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതികള്‍ വര്‍ധിപ്പിച്ച് മധ്യവര്‍ഗത്തെയും ശമ്പളക്കാരെയും ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ലെന്നും നികുതി വെട്ടിപ്പ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനായി ആദായനികുതി പരിധി ഉയര്‍ത്തി കൂടുതല്‍ പേര്‍ക്ക് നികുതി ഇളവ് നല്‍കും. ഇങ്ങനെ ഇളവ് നല്‍കുക വഴി കൂടുതല്‍ പരോക്ഷ നികുതി പിരിച്ചെടിക്കാനാകുമെന്നാണ് പ്രതീക്ഷ. വരുമാന നികുതിയില്‍ നിന്ന് ഒഴിവാകുന്നതോടെ ക്രയവിക്രയം വര്‍ധിക്കുമെന്നും അതുവഴി പരോക്ഷ നികിതിയിനത്തില്‍ സര്‍ക്കാറിന് വരുമാനം കൂടുമെന്നും അദ്ദേഹം വിശദീകരിച്ചു. പി ടി ഐ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. വ്യക്തികള്‍ നല്‍കുന്ന നികുതികളില്‍ പകുതിയും പരോക്ഷ നികുതിയാണ്. എക്‌സൈസ്, കസ്റ്റംസ്, സേവനം ഇങ്ങനെ നിരവധി നികുതികള്‍ അടക്കുന്നു.

ആദായ നികുതി ഇളവ് നല്‍കുമ്പോള്‍ അവരുടെ കീശയില്‍ കൂടുതല്‍ പണം നല്‍കുകയാണ് ചെയ്യുന്നത്. ഇത് ചെലവഴിക്കുമ്പോള്‍ നികുതി വെട്ടിപ്പിന്റെ സാധ്യതയില്ലാതെ സര്‍ക്കാറിന് വരുമാനം ലഭിക്കുന്നു. വെട്ടിപ്പ് നടത്തുന്നവരെ കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. 35,000 40,000 രൂപ പ്രതിമാസ വരുമാനമുള്ള ഒരാള്‍ പണം സമ്പാദ്യത്തിലേക്ക് നീക്കുകയാണെങ്കില്‍ അദ്ദേഹം നികുതിയടക്കേണ്ടതില്ല. പക്ഷേ ഇന്നത്തെ ചെലവുകള്‍ വെച്ച് അദ്ദേഹത്തിന് അത് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആദായ നികുതി ഇളവുകള്‍ എടുത്തുമാറ്റി നികുതിവല വിസ്തൃതമാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top