പ്രതിയുടെ വാരിയെല്ല് പൊട്ടിച്ചത് വനിതാ ഡിഎഫ്ഒ ? അന്വേഷണം സിബിഐക്ക്‌

കൊച്ചി: ആനവേട്ടക്കേസിലെ പ്രതികളുടെ മേല്‍ മൂന്നാംമുറ പീഡനം നടത്തിയത് വനിതാ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പരാതി. തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .

തിരുവനന്തപുരത്ത് നിന്ന് പിടിയിലായ പ്രതികളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്ത വനിതാ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. മനസാക്ഷിയുള്ളവര്‍ക്ക് കേട്ടുനില്‍ക്കാന്‍ പോലും കഴിയാത്ത മര്‍ദ്ദനമുറകളായിരുന്നു ഇവരുടേതെന്ന് പരാതികളില്‍ വിശദീകരിക്കുന്നു.

ഇതിന്റെയെല്ലാം ഫലമായി വാരിയെല്ലും തോളെല്ലും പൊട്ടിയത് അടക്കം ഗുരുതര പരുക്കുകളുമായാണ് പ്രതികളെ ഓരോതവണയും കോടതിയില്‍ എത്തിച്ചത്. വിദഗ്ധചികില്‍സ വേണമെന്ന ആവശ്യം പലപ്പോഴും കോടതിയും പരിഗണിച്ചില്ല. കോടതി നിര്‍ദ്ദേശിച്ചപ്പോഴും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നും പരാതിയുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നത് വരെ പരുക്കേറ്റവര്‍ക്ക് വേദന സംഹാരികള്‍ മാത്രം കൊടുത്ത് ഉദ്യോഗസ്ഥര്‍ കൊണ്ടുനടന്നു.

പരുക്കറ്റ പ്രതികള്‍ക്ക് ചികില്‍സ ലഭിച്ചില്ല എന്ന പരാതിയില്‍ കോതമംഗലം മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ ജയിലിലുള്ള പ്രതികളില്‍ പലര്‍ക്കും ആനവേട്ടക്കേസ് അന്വേഷണസംഘത്തിന്റെ മൂന്നാംമുറ പീഡനം ഏറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ ചികില്‍സക്കായി മുഖ്യമന്ത്രിയെ സമീപിക്കാനാണ് പ്രതികളുടെ ബന്ധുക്കളുടെ ശ്രമം.

അതേസമയം ആനവേട്ടക്കേസില്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Top