കൊച്ചി: ആനവേട്ടക്കേസില്‍ രാജ്യത്തെ വ്യവസായ പ്രമുഖര്‍ക്ക് ആനക്കൊമ്പുകള്‍ വിറ്റതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആനക്കൊമ്പ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉന്നതരുമായി നടത്തിയ ഇടപാടിന്റെ ഇ-മെയില്‍ സന്ദേശങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കേസിലെ പ്രതികളായ അജിബ്രൈറ്റിന്റെയും ഈഗിള്‍ രാജന്റെയും ഇ-മെയിലുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ആനക്കൊമ്പ് ശില്‍പങ്ങള്‍ വില്‍ക്കുന്ന ഇടനിലക്കാരില്‍നിന്ന് ലഭിച്ച ഡയറിയില്‍ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേര് വിവരങ്ങളും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു.
വിജയ് മല്യ, എ.സി മുത്തയ്യ, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ഡാബര്‍ ഗ്രൂപ്പ്, ജെയ്ന്‍ ഗ്രൂപ്പ് തുടങ്ങിയവര്‍ക്ക് ആനക്കൊമ്പ് വിറ്റതിന്റെ വിവരങ്ങള്‍ ഡയറിയില്‍ നിന്നും കണ്ടെടുത്തിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ എത്തിച്ചു നല്‍കിയതും വിലവിവരങ്ങളും ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാന വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.