പ്രതികള്‍ക്കെതിരെ മൂന്നാംമുറ; ഐഎഫ്എസ് ദമ്പതികള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു

തിരുവനന്തപുരം: ആനവേട്ടക്കേസില്‍ പിടിയിലായ പ്രതികളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ ഐ.എഫ്.എസ്. ദമ്പതികള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.

തിരുവനന്തപുരം ഡിഎഫ്ഒ ടി.ഉമ, ഭര്‍ത്താവ് ആര്‍. കമലാഹര്‍ എന്നിവരാണ് പ്രതികള്‍. വനംവകുപ്പ് ആസ്ഥാനത്തെ ഡപ്യൂട്ടി കണ്‍സര്‍വേറ്ററാണ് ആര്‍. കമലാഹര്‍. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസ്.

ആനവേട്ടക്കേസില്‍ അറസ്റ്റിലായ പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ല് വനപാലകര്‍ തകര്‍ത്തിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പിടിയിലായ പ്രതികളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്ത വനിതാ ഡിഎഫ്ഒയുടെ സംഘത്തിനെതിരെയായിരുന്നു പ്രധാന പരാതി.

വാരിയെല്ലും തോളെല്ലും പൊട്ടിയത് അടക്കം ഗുരുതര പരുക്കുകളുമായാണ് പ്രതികളെ ഓരോതവണയും കോടതിയില്‍ എത്തിച്ചത്. വിദഗ്ധചികില്‍സ വേണമെന്ന ആവശ്യം പലപ്പോഴും കോടതിയും പരിഗണിച്ചില്ല. കോടതി നിര്‍ദ്ദേശിച്ചപ്പോഴും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലെന്നും പരാതിയുണ്ട്.

പരുക്കറ്റ പ്രതികള്‍ക്ക് ചികില്‍സ ലഭിച്ചില്ല എന്ന പരാതിയില്‍ കോതമംഗലം മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ ജയിലിലുള്ള പ്രതികളില്‍ പലര്‍ക്കും ആനവേട്ടക്കേസ് അന്വേഷണസംഘത്തിന്റെ മൂന്നാംമുറ പീഡനം ഏറ്റിട്ടുണ്ട്.

Top