ആന്റണിയെ കേരളത്തില്‍ സജീവമാക്കാന്‍ സുധീരന്റെ കരുനീക്കം; ലക്ഷ്യം നേതൃമാറ്റം

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ഉള്‍പ്പോരിനു പിന്നാലെ കേരളത്തില്‍ നേതൃമാറ്റത്തിന് കോണ്‍ഗ്രസില്‍ കളി തുടങ്ങി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ സോണിയാഗാന്ധിയെ കണ്ട് ഹൈക്കമാന്റില്‍ ചരടുവലിച്ച ചെന്നിത്തല ബാര്‍ കോഴയില്‍ കുരുങ്ങിയതോടെയാണ് മൂന്നാമതൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചത്.

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കി കൊണ്ടുവരാനുള്ള താല്‍പ്പര്യമാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്ളത്.

ആന്റണി വരുന്നതിനോട് അനുകൂല നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിക്കും. എ ഗ്രൂപ്പില്‍ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കും ഈ അഭിപ്രായമാണുള്ളത്.

ഇപ്പോള്‍ തന്നെ ആന്റണിയെ നായകനാക്കി തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ് മാതൃക അനുകരിക്കണമൊ അതോ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമൊ എന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗൗരവമായ ചര്‍ച്ച നടക്കുന്നുണ്ട്.

ആന്റണി വരികയാണെങ്കില്‍ സംസ്ഥാനത്ത് ഗ്രൂപ്പ് രാഷ്ട്രീയത്തിന് തന്നെ പ്രസക്തി ഇല്ലാതാകുമെന്ന കണക്കു കൂട്ടലിലാണ് വി.എം സുധീരന്‍.

ചാരക്കേസ് വിവാദം ഉയര്‍ത്തി കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെപ്പിച്ചപ്പോള്‍ അന്നു കേന്ദ്ര ഭക്ഷ്യമന്ത്രി സ്ഥാനം രാജിവെച്ച ആന്റണിയെ പ്രത്യേക വിമാനത്തിലെത്തിച്ചാണ് കേരള മുഖ്യമന്ത്രിയാക്കിയത്.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായി പഴയ മാനസിക അടുപ്പം സൂക്ഷിക്കാത്ത ആന്റണി മുഖ്യമന്ത്രിക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. ആന്റണി താല്‍പര്യം പ്രകടിപ്പിച്ചാല്‍ നേതൃമാറ്റത്തിന് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടും.

മഹാരാഷ്ട്രയില്‍ അഴിമതി വിവാദത്തെ തുടര്‍ന്ന് പ്രതിഛായ മെച്ചമാക്കാന്‍ പലതവണ മുഖ്യമന്ത്രിമാരെ ഹൈക്കമാന്റ് മാറ്റി പ്രതിഷ്ഠിച്ചിരുന്നു.

നിലവിലെ നേതൃത്വവുമായി തെരഞ്ഞെടുപ്പു നേരിട്ടാല്‍ കേരളത്തില്‍ ഭരണം നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഹൈക്കമാന്റിനു നല്‍കിയത്.

പുതിയ മുഖ്യമന്ത്രി ഉടനെ വരികയാണെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ അപ്പാടെ മാറും. നിലവില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തവരും പുതിയ നേതൃമാറ്റ നീക്കത്തിന് പിന്നിലുണ്ട്. ആന്റണിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അടുത്ത തവണകൂടി കേരള ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.

അതേസമയം ആന്റണിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കമാണ് സുധീരന്‍ നടത്തുന്നതെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ നിഗമനം.

ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുക വഴി ആന്റണിയെക്കൊണ്ട് തന്റെ പേര് പറയിപ്പിക്കുകയെന്ന ലക്ഷ്യമാണ് സുധീരനുള്ളതെന്നാണ് ആക്ഷേപം.

Top