ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക്‌ബെറി തയ്യാറെടുക്കുന്നു. ‘ബ്ലാക്ക്‌ബെറി 10’ നിരയില്‍ സ്വന്തം ഒ.എസുള്ള മോഡലുകളുമായി മുന്നോട്ടുപോകാനായിരുന്നു കമ്പനിയുടെ തീരുമാനം.
ബ്ലാക്ക്‌ബെറി 10 ഫോണുകള്‍ ആദ്യഘട്ടത്തില്‍ ജനപ്രീതി നേടിയെങ്കിലും പിന്നീടതിന്റെ വില്പന കുത്തനെ കുറഞ്ഞു. അങ്ങനെ നില്‍ക്കക്കള്ളിയില്ലാതായതോടെയാണ് ആന്‍ഡ്രോയ്ഡിനെ പുണരാന്‍ ബ്ലാക്ക്‌ബെറി തീരുമാനമെടുത്തതെന്ന് വ്യക്തം.
ഏതാനും മാസങ്ങള്‍ക്കകം ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വില്പനയ്‌ക്കെത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത രണ്ട് മുതിര്‍ന്ന ബ്ലാക്ക്ബറി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടച്ച് സ്‌ക്രീനിന് താഴെ ക്യുവെര്‍ട്ടി കീപാഡ് സജ്ജമാക്കിയ രീതിയിലുളള ‘സ്‌ലൈഡര്‍’ ഫോണായിരിക്കുമത്.
ബാഴ്‌സിലോണയില്‍ മാര്‍ച്ചില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബ്ലാക്ക്‌ബെറി ഒരു സ്‌ലൈഡര്‍ ഫോണ്‍ അവതരിപ്പിച്ചിരുന്നു. ആ ഫോണായിരിക്കും ആന്‍ഡ്രോയ്ഡ് ഒ.എസുമായി എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ 0.4 ശതമാനമാണ് ബ്ലാക്ക്‌ബെറിയുടെ വില്പന. 2010 ന്റെ അവസാനപാദത്തില്‍ 19.9 ശതമാനമുണ്ടായിരുന്ന വില്‍പ്പനയാണ് അഞ്ചുവര്‍ഷം കൊണ്ട് ഇവ്വിധം കൂപ്പുകുത്തിയതെന്നോര്‍ക്കണം.
ഇതിന്റെയൊക്കെ പ്രധാന കാരണമായി ബ്ലാക്ക്‌ബെറി വിലയിരുത്തുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയും ഐഫോണ്‍ നേടിയ ആധിപത്യവുമാണ്. ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന പല ജനപ്രിയ ആപ്ലിക്കേഷനുകളും ബ്ലാക്ക്‌ബെറി ഫോണുകളില്‍ പ്രവര്‍ത്തിക്കാത്തതും കമ്പനിക്ക് തിരിച്ചടിയായി.