ആപ്പിള്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം നിശബ്ദമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: ആപ്പിള്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം നിശബ്ദമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂര്‍ അനുസരിച്ചുള്ള വേതനത്തിന്‍റെ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നതിന് ഇടെയാണ് ആപ്പിള്‍ റീട്ടെയില്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പിളിന്‍റെ ലാഭ വിഹിതത്തില്‍ അടുത്തിടെ ഇടിവ് സംഭവിച്ചതായി വിപണിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു.

രണ്ട് ആപ്പിള്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ ഔദ്യോഗികമായി തൊഴിലാളി സംഘടന ആരംഭിക്കുന്നതിനുള്ള എഴുത്തുകുത്തുകള്‍ നാഷണല്‍ ലേബര്‍ റിലേഷന്‍ ബോര്‍ഡ് (NLRB) യുമായി നടത്തിയെന്നും, ഏതാണ്ട് ആറോളം സ്റ്റോറുകളിലെ ജീവനക്കാര്‍ ഇത്തരം പ്രവര്‍‍ത്തനങ്ങളുടെ അവസാനഘട്ടത്തിലാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേ സമയം ഇത്തരം നീക്കങ്ങള്‍ കമ്പനി അറിയാതിരിക്കാനും, ചാരപ്പണി നടത്താതിരിക്കാനും ആപ്പിള്‍ ജീവനക്കാര്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു എന്നതാണ് ഇതിലെ പ്രധാന വെളിപ്പെടുത്തല്‍.

എന്നാല്‍‍ തങ്ങളുടെ സ്വന്തം ജീവനക്കാരെ ആപ്പിള്‍ നിരീക്ഷിക്കുന്നു എന്നത് അതിശയോക്തിയല്ലെന്നാണ് വെളിപ്പെടുത്തല്‍. 2021 ല്‍ ആപ്പിള്‍ തങ്ങളുടെ ഭൌതിക സ്വത്തവകാശം ലംഘിച്ചു അടക്കം ആരോപിച്ച് ആഷ്ലി ജോവിക്ക് എന്ന ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ശരിക്കും ആപ്പിള്‍ കമ്പനിയുടെ ജീവനക്കാരെ നിരീക്ഷിക്കുന്ന ഏര്‍പ്പാടുകള്‍ വെളിപ്പെടുത്തിയ തിരിച്ചടിയാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ആഷ്ലി ആരോപിക്കുന്നത്.

‘ആപ്പിള്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍റെ ആന്തരികമായ സംസ്കാരമാണ് നിരീക്ഷണം, ഭയപ്പെടുത്തല്‍, അന്യവത്‌കരണം എന്നിവ, അവര്‍ ജീവനക്കാരെ അടുത്ത് നിരീക്ഷിക്കും, അവരുടെ എല്ലാ പ്രവര്‍ത്തികളും രഹസ്യത്മകതയുടെ പേരിലും, ജോലി നിലവാരത്തിന്‍റെ പേരിലും പരിശോധിക്കും’- ആഷ്ലി ജോവിക്ക് എഴുതി.

2011 ല്‍ വെയര്‍ഡ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത പ്രകാരം, ആപ്പിള്‍ ഓഫീസില്‍ നിന്നും ചോര്‍ത്തിയ ഐഫോണ്‍ പ്രോട്ടോടൈപ്പ് പിടിച്ചെടുക്കാന്‍ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കന്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്‍റ് റെയ്ഡ് ചെയ്തിട്ടുണ്ട് ആപ്പിള്‍ എന്നാണ് പറയുന്നത്.

അതിനാല്‍ തന്നെ ഇപ്പോഴത്തെ തൊഴിലാളി യൂണിയന്‍ സംഘടകര്‍ ഐഫോണ്‍ ഉപയോഗിക്കുന്നില്ല എന്ന് പറയുന്ന തീരുമാനം ഒട്ടും അത്ഭുതമുള്ള കാര്യമല്ലെന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ആപ്പിള്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നടത്തുന്നതായി സമ്മതിക്കില്ല. ഇത്തരത്തില്‍ ഒന്ന് കണ്ടെത്തിയാല്‍ അത് കമ്പനിക്ക് വലിയ തിരിച്ചടിയാകും.

Top