ആരാധകര്‍ക്ക് ആവേശമായി ഇത്തവണ മമ്മൂട്ടി-ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളിലെത്തുന്നു. ഇരുകൂട്ടരുടെയും ആരാധകര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ തിയറ്ററുകളില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ ഏപ്രില്‍ 15ന് റിലീസിനെത്തുമ്പോള്‍ 17ന് മണിരത്‌നം സംവിധാനം ചെയ്യുന്ന ഒകെ കണ്‍മണി തിയറ്ററുകളിലെത്തും.
ഭാസ്‌കര്‍ ദ റാസ്‌കലില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് നയന്‍താരയാണ്. ചിത്രത്തിന്റേതായി ഇറങ്ങിയ ട്രെയിലര്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ക്രോണിക് ബാച്ച്‌ലറിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമാശയ്ക്ക് പ്രാധാന്യം നല്‍കി കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. ദീപക് ദേവ് സംഗീതം പകരുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
തമിഴില്‍ രണ്ടാം വരവിനിറങ്ങുന്ന ദുല്‍ഖറിന്റെ കരിയറില്‍ വഴിത്തിരിവായേക്കാവുന്ന ചിത്രമായിരിക്കും ഒകെ കണ്‍മണി. നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ നായിക. പുതിയ കാലത്തിന്റെ മാറ്റത്തിനും സ്വഭാവത്തിനും അനുസരിച്ച ഒരു പ്രണയമായിരിക്കും പറയുന്നത്. 2000ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് അലൈപായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഈ ചിത്രമെന്നും കേള്‍ക്കുന്നു.
പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മണിരത്‌നം ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. പി.സി ശ്രീറാമിന്റെ ക്യാമറ, റഹ്മാന്റെ സംഗീതം അങ്ങനെ നിരവധി പ്രത്യേകതകള്‍ ചിത്രത്തിനുണ്ട്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.