ആരുടേയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ തീരുമാനമാണ് രാജിയെന്ന് മാണി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ധനമന്ത്രി കെ.എം മാണി രാജിവച്ചു.

ആരുടേയും സമ്മര്‍ദ്ദം മൂലമല്ല താന്‍ രാജിവയ്ക്കുന്നതെന്നും തന്റെ വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും മാണി പറഞ്ഞു.

നിയമമന്ത്രിയെന്ന നിലയിൽ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് താന്‍ രാജി വയ്ക്കു ന്നതെന്നും തിരുവനന്തപുരത്തെ സ്വവസതിയായ പ്രശാന്തിയിൽ മാധ്യമങ്ങളെ കണ്ട കെ.എം. മാണി വ്യക്തമാക്കി. രാജിക്കത്ത് ക്ലിഫ്ഹൗസിൽ ദൂതൻ മുഖേന മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദേഹം അറിയിച്ചു.

ഇന്നലെ മുതൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നു വൈകീട്ട് എട്ടു മണിയോടെയാണ് അദേഹം തന്റെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാർട്ടി നേതാവ് കെ.എം. മാണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ചീഫ് വിപ്പ് സ്ഥാനം താനും രാജിവയ്ക്കുകയാണെന്ന് തോമസ് ഉണ്ണിയാടനും അറിയിച്ചു. തുടർന്ന് ക്ലിഫ്ഹൗസിലെത്തിയ കേരളാ കോൺഗ്രസ് നേതാക്കളായ റോഷി അഗസ്റ്റിൻ, ജോസഫ് എം. പുതുശേരി എന്നിവർ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഗൂഢാലോചനകള്‍ സംബന്ധിച്ച് ചില വെളിപ്പെടുത്തലുകള്‍ മാണി നടത്തുമെന്നാണ് സൂചന.

അതേസമയം മാണിയുടെ രാജി തീരുമാനം യുഡിഎഫ് നേതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

ഇനി ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മാണി വിഭാഗം നേതാക്കള്‍ രംഗത്ത് വരുമോയെന്ന ആശങ്കയും നേതാക്കള്‍ക്കിടയില്‍ പ്രകടമാണ്.

മാണിക്ക് പകരം ധനകാര്യവകുപ്പ് ആര്‍ക്ക് നല്‍കുമെന്നതും മാര്‍ച്ചിലെ ബജറ്റ് അവതരണം ആര് നടത്തുമെന്നതും യുഡിഎഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

തനിക്കൊപ്പം പി ജെ ജോസഫും രാജി വെയ്ക്കണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നെങ്കിലും രാജി വെയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ജോസഫ് വ്യക്തമാക്കിയത്.

സി എഫ് തോമസ്, എന്‍ ജയരാജന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

Top