ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് യൂട്യൂബ്

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകള്‍ നിര്‍മിക്കുന്നതിനായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റര്‍മാര്‍ വെളിപ്പെടുത്തണം.

തിരഞ്ഞെടുപ്പ്, നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍, പ്രശ്നങ്ങള്‍, പൊതു ആരോഗ്യ പ്രതിസന്ധികള്‍ ഉള്‍പ്പടെുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും.എഐ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോകളില്‍ ഉപഭോക്താക്കള്‍ക്ക് അക്കാര്യം അറിയിച്ചുകൊണ്ടുള്ള ലേബല്‍ നല്‍കും. എഐ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും. യഥാര്‍ത്ഥ ഗായകരുടെ എഐ നിര്‍മിത ശബ്ദത്തില്‍ നിര്‍മിച്ച പാട്ടുകള്‍ കണ്ടെത്താനും നീക്കം ചെയ്യാന്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

യൂട്യൂബില്‍ സര്‍ഗാത്മകതയ്ക്കുള്ള അവസരങ്ങള്‍ തുറക്കാനും പ്ലാറ്റ്ഫോമിലെ കാഴ്ചക്കാരുടേയും ക്രിയേറ്റര്‍മാരുടേയും അനുഭവത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ജനറേറ്റീവ് എഐയ്ക്ക് കഴിവുണ്ടെന്ന് പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റുമാരായ ജനിഫര്‍ ഫ്ലാനറി ഒ’കോണറും എമിലി മോക്സിലിയും പറഞ്ഞു. യൂട്യൂബ് കമ്മ്യൂണിറ്റിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പുവരുത്തണം എന്നും അവര്‍ പറഞ്ഞു.അടുത്ത വര്‍ഷം മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. എഐ നിര്‍മിത വീഡിയോ ആണോ എന്ന് വ്യക്തമാക്കുന്നതിനായി പുതിയ ഓപ്ഷനുകളും ഉള്‍പ്പെടുത്തിയേക്കും.

 

Top