അപകടകരമായ രീതിയില്‍ റോഡിലൂടെ ചീറിപ്പാഞ്ഞ ബിഎംഡബ്ല്യൂ കാര്‍ ഡ്രൈവറെ പോലീസിന്റെ സിസിടിവി ക്യാമറ പിടിച്ചു. ആറു വയസ്സുകാരനായ മകനെ മുന്‍ സീറ്റിലിരുത്തിയാണ് പിതാവ് കാര്‍ അമിത വേഗത്തില്‍ പായിച്ചത്. മറ്റുള്ള കാറുകളുടെ ഇടയില്‍ക്കൂടിയാണ് ഇയാള്‍ തന്റെ ആറു വയസ്സുകാരനേയും വച്ച് മണിക്കൂറില്‍ 142 കിലോമീറ്റര്‍ സ്പീഡില്‍ കാര്‍ ഓടിച്ചത്.
പോലീസിന്റെ വാഹനത്തില്‍ പിന്തുടര്ന്നാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ വാഹനത്തില്‍ നിന്ന് പേടിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തി. പിതാവ് മെര്‍ട്ട് താനയെയാണ് അമിത വേഗത്തില്‍ കാര്‍ പായിച്ചതിന് പോലീസ് പിടികൂടിയത്.
അമിത വേഗത്തില്‍ കാര്‍ പായിച്ചതിന് പിതാവ് പറഞ്ഞ മറുപടി പോലീസിനെ അദ്ഭുതപ്പെടുത്തി. അടുത്ത് വരാനിരിക്കുന്ന തന്റെ വിവാഹത്തെക്കുറിച്ചോര്‍ത്ത് മനസ്സില്‍ വേറെ ചിന്തകളായിരുന്നെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
മൂന്നു വര്‍ഷത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്. കൂടാതെ 50 മണിക്കൂര്‍ ശമ്പളമില്ലാതെ ജോലി ചെയ്യണമെന്നും കോടതി വിധിച്ചു.റോഡില്‍ക്കൂടി വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവരുടെ സുരക്ഷിതത്വവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. റോഡില്‍ക്കൂടി മത്സരിച്ച് വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും പോലീസ് പുറത്തു വിട്ടിട്ടുണ്ട്.