ആലുവ എസ്.പി യതീഷ്ചന്ദ്ര സുരേഷ്‌ഗോപി ചമയരുത്; വൃദ്ധനോടല്ല വീര്യം കാട്ടേണ്ടത്

തലസ്ഥാനത്ത് എം.എല്‍.എമാര്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് അങ്കമാലിയില്‍ റോഡ് ഉപരോധിച്ച സമരക്കാരുമായി ഏറ്റുമുട്ടിയ ആലുവ റൂറല്‍ എസ്.പി യതീഷ്ചന്ദ്ര വൃദ്ധനെയടക്കം തെരെഞ്ഞു പിടിച്ച് ആക്രമിച്ചത് പ്രതിഷേധാര്‍ഹമാണ്.

സാധാരണ ഗതിയില്‍ ഇത്തരം പ്രാദേശിക മേഖലകളില്‍ നടക്കുന്ന സമരം നേരിടാന്‍ ജില്ലാ പൊലീസ് മേധാവികള്‍ പോകാറില്ലെന്നിരിക്കെയാണ് ആലുവ എസ്.പിയുടെ വിചിത്ര നടപടി. റോഡ് ഉപരേധിച്ച പ്രവര്‍ത്തകരെ പ്രായവ്യത്യാസമില്ലതെ അടിച്ചോടിച്ച എസ്.പിയുടെ ഭാഗത്ത് നിന്നുണ്ടായ ആക്രോശവും അത്യന്തം പ്രകോപനപരമാണ്.

ഇടതുപക്ഷം ആഹ്വാനം ചെയത ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റോഡ് തടയല്‍ അടക്കമുള്ള സമരങ്ങള്‍ നടന്നിട്ടും റോഡിലിറങ്ങി തല്ലാന്‍ തോന്നിയത് ആലുവ എസ്.പിക്ക് മാത്രമാണ്.

കര്‍ണാടക സ്വദേശിയായ ചെറുപ്പക്കാരനായ ഈ ഐ.പി.എസ് ഓഫീസര്‍ നടന്‍ സുരേഷ് ഗോപിക്ക് ‘പഠിച്ചത്’ അങ്കമാലിയെ ഇപ്പോള്‍ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്.

‘എസ്.പിയെ ആക്രമിക്കുമോ’ എന്നു ചേദിച്ചാണ് യതീഷ്ചന്ദ്ര വൃദ്ധനെ ഉള്‍പ്പെടെ തല്ലിചതച്ചത്.

ഒരു എസ്.ഐ- സി.ഐ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന് മാത്രം രമ്യമായി പരിഹരിക്കുവാന്‍ കഴിയുമായിരുന്ന പ്രശ്‌നമാണ് എസ്.പിയുടെ ഇടപെടലോടെ അങ്കമാലിയില്‍ കുളമായത്. എസ്.പി നേരിട്ട് സമരക്കാര്‍ക്ക് നേരെ തിരിഞ്ഞതിനാല്‍ പിന്നെ പൊലീസിനും എസ്.പിയുടെ വഴിയേ പോകേണ്ട അവസ്ഥയാണുണ്ടായത്. ഇതാണ് കൂട്ട ലാത്തി ചാര്‍ജില്‍ കലാശിച്ചത്.

എസ്.പി യുടെ നേതൃത്വത്തിലാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതെന്ന കാര്യം സംഘര്‍ഷം കഴിഞ്ഞാണ് മിക്ക സമരക്കാരും അറിഞ്ഞിരുന്നത്. എസ്.പി നേരിട്ടെത്തുമെന്ന് അങ്കമാലിയിലെ പൊലീസും പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ക്കിടയിലും എസ്.പിയുടെ നടപടിയെ ചൊല്ലി ഭിന്നാഭിപ്രായം ഉടലെടുത്തതായാണ് ലഭിക്കുന്ന സൂചന.

ആളുകളെ ഓടിച്ചിട്ട് ആക്രോശിച്ച് സിനിമാ സ്‌റ്റൈലില്‍ ആക്രമിച്ച എസ്.പി യതീഷ്ചന്ദ്ര നടന്‍ സുരേഷ് ഗോപിയുടെ പൊലീസ് വേഷത്തെയാണ് അനുസ്മരിപ്പിച്ചത്. ഒരു വ്യത്യാസം മാത്രമെ അതിലൊള്ളൂ നന്മയുടെ ഭാഗത്ത് നിന്ന നായക കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചതെങ്കില്‍ വില്ലന്‍ വേഷം കെട്ടിയുള്ള പരാക്രമമായിരുന്നു എസ്.പിയുടേത്.

ഒരു പ്രകോപനവുമില്ലതെ വൃദ്ധനെയും വഴിയാത്രക്കാരെയും അടക്കം ഓടിച്ചിട്ട് തല്ലിയ പൊലീസ് നടപടി സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. കിട്ടിയ അടി ഏറ്റുവാങ്ങി മാത്രം തിരിച്ച്‌പോയ ചരിത്രമുള്ളവരല്ല സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്നത് എസ്.പി ഓര്‍ക്കുന്നത് നല്ലതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സി.ഐ അടക്കമുള്ളവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്നതും അതുകൊണ്ടാണ്. നിങ്ങള്‍ അഭിമുഖികരിക്കാനിരിക്കുന്നതും ഈ വെല്ലുവിളിയാണ്.

കേരളത്തിന്റെ സമര ചരിത്രം താങ്കള്‍ പഠിക്കണം എന്നിട്ടു വേണം ക്രമസമാധാന പാലനത്തിനിറങ്ങാന്‍. സര്‍ സിപിയുടെ പട്ടാളത്തെ കുത്തിമലര്‍ത്തിയ കമ്മ്യൂണിസ്റ്റ് ചരിത്രം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന് ഓര്‍മിപ്പികേണ്ട അവസ്ഥ എസ്.പിയുടെ നടപടി വഴിയാണുണ്ടായത്.

അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ച ഒരു സമൂഹത്തെയും ലാത്തിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. അതിന് ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ പരിശീലനം പോരാതെ വരും. താങ്കളെക്കാള്‍ ‘കേമന്മാരായ’ ഉദ്യോഗസ്ഥര്‍ പരീക്ഷിച്ച് പരാജയപ്പെട്ട വഴിയാണത്. അതാണ് കേരളത്തിന്റെ മഹത്തായ സമരപാരമ്പര്യം.

സിപിഎമ്മിന്റെയോ ഇടത്പക്ഷത്തിന്റെയോ എല്ലാ നിലപാടുകളോടും നടപടികളോടും ഞങ്ങള്‍ യോജിക്കുന്നില്ല. എന്നാല്‍ അതുകൊണ്ടു മാത്രം യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനുമാവില്ല.

Team Expresskerala

Top