തിരുവനന്തപുരം: അങ്കമാലിയില്‍ വൃദ്ധന്‍ ഉള്‍പ്പെടെയുള്ള ഇടത്പക്ഷ സമരക്കാരെ അടിച്ചോടിച്ച റൂറല്‍ എസ്.പി യതീഷ്ചന്ദ്രക്കെതിരെ നടപടിയുണ്ടാവില്ല.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
റോഡ് ഉപരോധിച്ച സമരക്കാര്‍ എസ്.പി അടക്കമുള്ളവര്‍ക്കെതിരെ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതാണ് ലാത്തിചാര്‍ജിനിടയാക്കിയതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സമരക്കാരെ മുട്ടിന് താഴെയാണ് ലാത്തികൊണ്ട് അടിച്ചത് എന്നതിനാല്‍ നിയമപരമാണ് പൊലീസ് നടപടിയുമെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.
എറണാകുളം റേഞ്ച് ഇന്റലിജന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി ഹേമചന്ദ്രനാണ് ഡി.ജി.പിയ്ക്കും ആഭ്യന്തരവകുപ്പിനും സമര്‍പ്പിച്ചിട്ടുള്ളത്.
നിലത്ത് വീണവരെ പൊലീസുകാരെ കൊണ്ട് പിടിച്ചു നിര്‍ത്തി എസ്.പി അടിച്ചതിലും വൃദ്ധനെ പരിക്കേല്‍പ്പിച്ചതിലും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെങ്കിലും ഈ ഘട്ടത്തില്‍ യതീഷ്ചന്ദ്രയെ കൈവിടേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പൊതുവികാരം.
സംസ്ഥാന കേഡറിലേക്ക് വന്നിട്ട് രണ്ട് വര്‍ഷം മാത്രമേ ആയിട്ടെള്ളൂവെന്നതും, കര്‍ണാടക സ്വദേശിയായതിനാല്‍ കേരളത്തിലെ പൊതുസാഹചര്യം മനസിലാക്കാന്‍ വേണ്ടത്ര സാധിച്ചിട്ടില്ല എന്നതുമാണ് എസ്.പിയുടെ എടുത്തുചാട്ടത്തിന് വഴിവെച്ചതെന്നാണ് ഐ.പി.എസ് ഉദ്യേഗസ്ഥര്‍ക്കിടയിലെ വിലയിരുത്തല്‍.
എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ഒരു സ്ഥലമാറ്റമെങ്കിലും യതീഷ്ചന്ദ്രയ്ക്ക് നല്‍കിയാല്‍ അത് പൊലീസ് സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
ബാര്‍കോഴ കേസില്‍ മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തെ തെരുവില്‍ തടയുന്നതടക്കമുള്ള സമരങ്ങളുമായി മുന്നോട്ടു പേവുന്ന പ്രതിപക്ഷത്തെ പ്രധിരോധിക്കാന്‍ എസ്.പിയ്‌ക്കെതിരെ നടപടിയുണ്ടായാല്‍ പൊലീസ് ‘ ആത്മാര്‍ത്ഥ’മായി പരിശ്രമിക്കുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
യു.ഡി.എഫ് നേതാക്കളും എസ്.പിയ്‌ക്കെതിരെ ഒരു അച്ചടക്ക നടപടിയും വേണ്ടെന്ന നിലപാടിലാണ്
ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് എസ്.പിയ്‌ക്കെതിരെ നടപടി വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെയും സി.പി.എം നേതാക്കളുടെയും ആവശ്യം തള്ളാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. ഇത് സംബന്ധമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ഡി.ജി.പി കെ. എസ് ബാലസുബ്രഹ്മണ്യവുമായും ആശയവിനിമയം നടത്തിയിരുന്നു.
അതേസമയം എസ്.പിക്കതിരെ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനും കോടതിയെ സമാപിക്കാനുമാണ് സി.പി.എമ്മിന്റെ നീക്കം.