ആഴക്കടലില്‍ നിന്ന് സ്വര്‍ണവും വെള്ളിയും കോരാന്‍ ഇന്ത്യയുമായി കൈകോര്‍ത്ത് ചൈന

ബെയ്ജിങ്: ആഴക്കടല്‍ ഖനനത്തിന് അയല്‍ക്കാരായ ഇന്ത്യയും ചൈനയും കൈകോര്‍ക്കുന്നു. സ്വര്‍ണ, വെള്ളി ലോഹങ്ങളുടെ വന്‍ ശേഖരമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ഖനനം നടത്താനാണ് ചൈന സഹകരിക്കുക. സമുദ്രത്തില്‍ ധാതുഖനനവും വികസനവും വര്‍ധിച്ച സാഹചര്യത്തിലാണ് ചൈന സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഖനന, സമുദ്ര വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചൈനയുടെ ഔദ്യോഗിക സ്ഥാപനമായ ചൈന സമുദ്ര ഖനന, വിഭവ ആര്‍ ആന്‍ഡ് ഡി അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചൈന ഡെയ്‌ലി പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച സന്ദര്‍ശിക്കാനിരിക്കെയാണ് നിര്‍ദേശവുമായി ചൈന മുന്നോട്ടുവന്നത്.

വികസ്വരരാജ്യങ്ങളും അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയില്‍ അംഗങ്ങളുമായ ഇന്ത്യക്കും ചൈനക്കും സഹകരണത്തിന് നിരവധി സാധ്യതകളുണ്ടെന്ന് അസോസിയേഷന്‍ ഡെപ്യൂട്ടി ഹെ സോംഗ്യു പറഞ്ഞു. ചൈനയുടെ ഏറ്റവുംനല്ല പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏപ്രില്‍ 20ന് ഇന്ത്യ സന്ദര്‍ശിച്ച ചൈനയുടെ സ്‌റ്റേറ്റ് ഓഷ്യാനിക് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചെന്‍ ലിയാന്‍സെങ്, സമുദ്ര ഗവേഷണ വികസനത്തില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

നേരത്തേ, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന 118 ദിവസം നീണ്ട ആഴക്കടല്‍ പര്യവേക്ഷണം നടത്തി സ്വര്‍ണം, വെള്ളി ധാതുക്കളുടെ വന്‍ ശേഖരം കണ്ടത്തെിയിരുന്നു.

Top