ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ആവിക്കലില്‍നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കണ്ടെത്തല്‍ സിപിഎം നേരത്തെ പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണെന്നും മോഹനന്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പെടെ സമരത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മാവോയിസ്റ്റുകള്‍ ശിഥിലമായി വരുകയാണ്. അത്തരമൊരു ഘട്ടത്തില്‍ ഇസ്സാമിസ്റ്റ് വിപ്ലവത്തിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് നേരത്തെ മാവോയിസ്റ്റ് നേതാവായ ഗണപതി പറഞ്ഞിരുന്നു. അത്തരമൊരു അന്തര്‍ധാരയുടെ ഭാഗമായാണ് ചില മത തീവ്രവാദ മൗലികവാത പ്രസ്ഥാനങ്ങളുമായി മാവോയിസ്റ്റുകള്‍ ബന്ധം പുലര്‍ത്തുന്നത്. തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ആവിക്കല്‍ സമരത്തില്‍ സിപിഎം നേരത്തെ പറഞ്ഞതാണ്. അവരുടെ പിന്തുണയോടെ നടക്കുന്ന സമരം ഗൗരവമേറിയ വിഷയമാണെന്നും മോഹനന്‍ പറഞ്ഞു.