ആശാ ശരത്തിന്റെ പരാതിയില്‍ നടപടി ഉണ്ടായാല്‍ വെട്ടിലാകുന്നത് പൊലീസ്‌ ?

കൊച്ചി: തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം വാട്‌സ് ആപ്പില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന നടി ആശാ ശരത്തിന്റെ പരാതിയില്‍ പ്രതിയെ പിടികൂടിയാല്‍ വെട്ടിലാകുക പോലീസ് തന്നെ.

വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട സോളാര്‍ ‘നായിക’ സരിതാ നായരുടെ ചൂടന്‍ രംഗങ്ങള്‍ പുറത്തായതിന് പിന്നില്‍ എ.ഡി.ജി.പി പത്മകുമാറാണെന്ന് സരിത നേരിട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പോലീസ് ആശാ ശരത്തിന്റെ പരാതിയില്‍ നടപടി സ്വീകരിച്ചാല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവക്കുമെന്നാണ് സൂചന.

സരിതയുടെ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചാല്‍ പരാതിക്കാര്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കാറുള്ളതെങ്കിലും വ്യക്തികളുടെ പേര് കൊടുക്കാറില്ല.

എന്നാല്‍ സരിതാനായര്‍ തന്റെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും ഉള്‍പ്പെട്ടതാണെന്നും ഇതില്‍ പലതും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും പറഞ്ഞ് രംഗത്ത് വരികയായിരുന്നു.

സോളാര്‍ കേസില്‍ തുടക്കത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്ന പത്മകുമാര്‍ നേരത്തെ തന്നെ കലൂരിലെ ഒരു സ്വകാര്യ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു.

സരിതയുടെ പരാതിയില്‍ എ.ഡി.ജി.പിക്കെതിരായ അന്വേഷണം ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് തന്നെ കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപത്തിന് ബലമേകിയാണ് ഇതുസംബന്ധമായ അന്വേഷണം ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുന്നത്.

സരിത തെറ്റായ പരാതിയാണ് നല്‍കിയതെങ്കില്‍ പോലീസ് ആക്ട് പ്രകാരം അവര്‍ക്കെതിരെ പത്മകുമാറിന് പരാതി നല്‍കി കേസെടുപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണം ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നത് ഏറെ സംശയങ്ങള്‍ക്കിട നല്‍കിയിരിക്കെയാണ് നടി ആശാ ശരത്തിന്റെ പേരിലും വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിച്ചിരിക്കുന്നത്.

സരിതാ നായരുടെ സംഭവത്തില്‍ നടപടി ഉണ്ടായിരുന്നെങ്കില്‍ ആശാ ശരത്തിനെ അപകീര്‍ത്തിപ്പെടുത്തിയത് പോലുള്ള നടപടികള്‍ ഒരു പക്ഷേ ഉണ്ടാവില്ലായിരുന്നുവെന്ന നിലപാടിലാണ് ചലച്ചിത്ര ലോകം.

ആശാ ശരത്തിന്റെ ദൃശ്യങ്ങള്‍ കാത്ത് നില്‍ക്കുകയാണോ?, എന്ന ചോദ്യത്തോടെ ആദ്യം വാട്‌സ് ആപ്പില്‍ പ്രചരിച്ച ‘പരസ്യ’ ത്തിന് പിന്നാലെ മറ്റൊരു ദൃശ്യമാണ് പ്രചരിച്ചത്. ഈ ദൃശ്യം ആരുടേതാണെന്നും പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആശാ ശരത്ത് നല്‍കിയ പരാതി അന്വേഷിക്കാന്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായ അന്വേഷണം ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുമോ എന്ന കാര്യം സംശയമാണ്.

ആശാ ശരത്തിന്റെ വ്യാജനെ അപ്‌ലോഡ് ചെയ്തവനെ പിടികൂടിയാല്‍ സരിതാ നായരുടെ ഒറിജിനലിനെ അപ്‌ലോഡ് ചെയ്തവരെ പിടികൂടാത്തതിന്റെ യഥാര്‍ത്ഥ ‘പൊരുളും’ വ്യക്തമാവുമെന്നതിനാല്‍ പോലീസിന്റെ തുടര്‍ നടപടികള്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

സരിതാ നായരുടെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും കേരളത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Top