നോട്ടിംഗ്ഹാം: ആഷസില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ജയത്തിലേക്ക്. 331 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെന്ന നിലയിലാണ്.
48 റണ്‍സുമായി ആദം വോഗ്‌സും റണ്‍സൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിംഗ്‌സ് പരാജയമൊഴിവാക്കാന്‍ ഓസീസിനിനിയും 90 റണ്‍സ് കൂടി വേണം.
ആദ്യ ഇന്നിംഗ്‌സില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതിനുശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. റോജേഴ്‌സും വാര്‍ണറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ റോജേഴ്‌സ്(52) വീണതിന് പിന്നാലെ ബെന്‍ സ്റ്റോക്‌സ് ഓസീസിനെ ഞെട്ടിച്ചു. അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ച വാര്‍ണര്‍(64), ഷോണ്‍ മാര്‍ഷ്(2) എന്നിവരെകൂടി സ്റ്റോക്‌സ് മടക്കിയപ്പോള്‍ അപകടകാരിയായ സ്മിത്തിനെ(5) േ്രേബാഡ് വീഴ്ത്തി.
ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ(13) വുഡും പീറ്റര്‍ നെവില്ലിനെയും(17), ജോണ്‍സണെയും(5) സ്റ്റോക്‌സും മടക്കിയതോടെ ഓസീസ് രണ്ടാം ദിനം തന്നെ തോല്‍വിയുടെ വക്കെത്തത്തി. എന്നാല്‍ വോഗ്‌സിന്റെ പ്രതിരോധം മത്സരം മൂന്നാം ദിനത്തിലേക്ക് നീട്ടി. 35 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത സ്റ്റോക്‌സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വീഴ്ചയ്ക്ക് വേഗം കൂട്ടിയത്. നേരത്തെ 274/4 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 391 റണ്‍സെടുത്ത് പുറത്തായി.
130 റണ്‍സെടുത്ത് റൂട്ട് ടോപ് സ്‌കോററായപ്പോള്‍ ഓസീസിനായി സ്റ്റാര്‍ക്ക് ആറു വിക്കറ്റ് വീഴ്ത്തി.