ആഷസ് ക്രിക്കറ്റ്: ഓസ്‌ട്രേലിയ 60 ന് പുറത്ത്; സ്റ്റുവര്‍ട്ട് ബ്രോഡിന് എട്ടു വിക്കറ്റ്

നോട്ടിംഗ്ഹാം: ആഷസ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീം ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സിന് എല്ലാവരും പുറത്തായി. ആഷസില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 9.3 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി എട്ടുവിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസീസിന്റെ അന്തകനായത്. 15 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റെടുത്ത ബ്രോഡ് കരിയറിലെ ഏറ്റവുംമികച്ച പ്രകടനത്തിനൊപ്പം 300 വിക്കറ്റ് ക്ലബ്ബിലുമെത്തി.

10 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും 13 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണും മാത്രമെ ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. 14 റണ്‍സുമായി എക്‌സ്ട്രാസ് ആയിരുന്നു ഓസീസ് സ്‌കോര്‍ ബോര്‍ഡിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ ക്രിസ് റോജേഴ്‌സും ഡേവിഡ് വാര്‍ണറും സംപൂജ്യരായി മടങ്ങുന്നതു കണ്ടുകൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ തുടക്കം. റോജേഴ്‌സിനെ ബ്രോഡ് പുറത്താക്കിയപ്പോള്‍ ആന്‍ഡേഴ്‌സിന് പകരമെത്തിയ മാര്‍ക്ക് വുഡിനായിരുന്നു വാര്‍ണറിന്റെ വിക്കറ്റ്.

മൂന്നാമനായെത്തിയ സ്റ്റീവന്‍ സ്മിത്ത് ഒരു ബൗണ്ടറി നേടിയെങ്കിലും മൂന്നു പന്തില്‍ ആറു റണ്‍സുമായി ബ്രോഡിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടെത്തിയവരും ഇംഗ്ലീഷ് നിരയുടെ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ മടങ്ങുകയായിരുന്നു. ഷോണ്‍ മാര്‍ഷ് (0), മൈക്കല്‍ ക്ലാര്‍ക്ക് (10), ആഡം വോഗസ് (1), പീറ്റര്‍ നെവില്‍ (2), മിച്ചല്‍ ജോണ്‍സന്‍ (13), മിച്ചല്‍ സ്റ്റാര്‍ക്ക് (1), നഥാന്‍ ലിയോണ്‍ (9), ഹെയ്ല്‍വുഡ് (പുറത്താകാതെ 4) എന്നിങ്ങനെയായിരുന്നു മറ്റ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

Top