ലണ്ടന്‍: ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്ന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക് വിരമിക്കുന്നു. ആഷസിലെ അഞ്ചാം ടെസ്റ്റിനു ശേഷം ക്ലാര്‍ക്ക് ക്രിക്കറ്റിനോട് വിടപറയുമെന്ന് ഡെയ്‌ലി ടെലഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ നാല് മല്‍സരങ്ങളിലുമായി 16.71 ശരാശരിയില്‍ വെറും 117 റണ്‍സ് മാത്രമാണ് ക്ലാര്‍ക്കിന്റെ സമ്പാദ്യം.
ആഷസില്‍ 60 റണ്‍സിന് ഓള്‍ഔട്ടായി ഓസീസ് നാണംകെട്ട നോട്ടിങ്ങാം ടെസ്റ്റില്‍ 10 റണ്‍സായിരുന്നു ക്യാപ്റ്റനായ ക്ലാര്‍ക്കിന്റെ സമ്പാദ്യം.
111 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 8605 റണ്‍സ് നേടിയിട്ടുള്ള ക്ലാര്‍ക്ക് ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമനാണ്. 2012 ല്‍ സിഡ്‌നിയില്‍ നേടിയ 329 റണ്‍സാണ് ക്ലാര്‍ക്കിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ ഇതുവരെ 28 സെഞ്ചുറികളാണ് ക്ലാര്‍ക്കിന്റെ പേരിലുള്ളത്.
ഏകദിന ക്രിക്കറ്റില്‍ നിന്നും ക്ലാര്‍ക്ക് നേരത്തെ വിരമിച്ചിരുന്നു. 2003ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ക്ലാര്‍ക്ക് ഒരു വ്യാഴവട്ടക്കാലത്തിനിടെ 244 ഏകദിന മല്‍സരങ്ങളില്‍ നേടിയത് 7907 റണ്‍സ്. ശരാശരി 44.4. ഇതില്‍ എട്ടു സെഞ്ചുറിയും 57 അര്‍ധസെഞ്ചുറിയും. ഇടംകയ്യന്‍ സ്!ലോ ബോളര്‍കൂടിയായ ക്ലാര്‍ക്കിന്റെ അക്കൗണ്ടില്‍ 57 ഏകദിന വിക്കറ്റുകളുമുണ്ട്.