നോട്ടിങ്ങാം: ആഷസ് നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഹൃദയമിടിപ്പ് കൂടുതല്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനായിരിക്കും. പരമ്പര ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ പ്രതീക്ഷ കൈവിടാതെ സൂക്ഷിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുക.
അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നില്‍നില്‍ക്കുന്ന ഇംഗ്ലണ്ടിന് നാലാം ടെസ്റ്റ് തോറ്റാലും പ്രതീക്ഷയ്ക്ക് വയകുണ്ട്. എന്നാല്‍, ട്രെന്റ് ബ്രിഡ്ജിലെ പിച്ചില്‍ തോല്‍വി പിണഞ്ഞാല്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പര നഷ്ടമാകും. അത് മറക്കാനാകാത്ത മാനക്കേടാകും.
ആദ്യടെസ്റ്റ് 169 റണ്‍സിന് ജയിച്ച ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റില്‍ 405 റണ്‍സിന്റെ കനത്തതോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. പക്ഷേ, മൂന്നാം ടെസ്റ്റില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് മൂന്നു ദിവസത്തിനകം ടെസ്റ്റ് ജയം പിടിച്ചെടുത്തു. മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും ഓസ്‌ട്രേലിയയെ 300 റണ്‍സിന് താഴെ (136, 265) ചുരുട്ടിക്കെട്ടിയ ഇംഗ്ലീഷ് ബൗളര്‍മാരാണ് ടീമിന് അനായാസജയം ഒരുക്കിയത്.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തി ഇംഗ്ലൂണ്ടിന് നിര്‍ണായക മുന്‍തൂക്കം നല്‍കിയ ജെയിംസ് ആന്‍ഡേഴ്‌സന്‍ പരിക്കുമൂലം നാലാം ടെസ്റ്റില്‍ ഉണ്ടാകില്ല. അതാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. പക്ഷേ, സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവന്‍ ഫിന്നും അവിടെത്തന്നെയുണ്ട്. ബ്രോഡിനായിരിക്കും പേസ് ആക്രമണത്തിന്റെ നേതൃത്വം.
ബാറ്റിങ്ങിലെ അസ്ഥിരതയാണ് ഓസ്‌ട്രേലിയയുടെ വേദന. ക്യാപ്റ്റനടക്കം ഒരാള്‍ക്കും മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും ചേര്‍ന്ന് 100 റണ്‍സ് തികയ്ക്കാനായില്ല.