ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം ഇന്ന്

ബര്‍മിങ്ങാം: ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന്. 2005 ആവര്‍ത്തിക്കുമോയെന്നാണ് ആരാധകരും വിദഗ്ധരും ഉറ്റു നോക്കുന്നത്.

കാര്‍ഡിഫില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ നല്ല മാര്‍ജിനില്‍ ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കില്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച് ആദ്യ തോല്‍വിയുടെ ആഘാതം തുടച്ചുനീക്കുന്ന കാഴ്ചയാണ് കണ്ടത്. ലോര്‍ഡ്‌സില്‍ ഓസീസ് എതിരാളികളെ ശരിക്കും വാരിക്കളഞ്ഞു.

ഒന്നാമിന്നിങ്‌സില്‍ ഡബ്ള്‍ സെഞ്ച്വറിയും(215) രണ്ടാമിന്നിങ്‌സില്‍ അര്‍ധശതകവും(58) നേടിയ മൂന്നാം നമ്പറുകാരന്‍ സ്റ്റീവന്‍ സ്മിത്തായിരുന്നു ലോര്‍ഡ്‌സില്‍ ഓസീസിന്റെ ഹീറോ. ബുധനാഴ്ച ഓസീസ് മൂന്നാം ടെസ്റ്റിനിറങ്ങുന്നത് കഴിഞ്ഞ ടെസ്റ്റ് ജയിച്ച അതേ ടീമുമായിട്ടാണ്. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണര്‍ ക്രിസ് റോജേഴ്‌സ് മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. റോജേഴ്‌സ് കളിക്കാത്തപക്ഷം ഷോണ്‍ മാര്‍ഷ് ആദ്യ ഇലവനിലെത്തും.

ടീമിലേക്ക് തിരിച്ചുവരാമെന്ന് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ പറഞ്ഞെങ്കിലും ലോര്‍ഡ്‌സില്‍ അരങ്ങേറ്റം കുറിച്ച പീറ്റര്‍ നെവിലിനെ എഡ്ജ്ബാസ്റ്റണിലും കീപ്പറുടെ ദൗത്യമേല്പിക്കാന്‍ ഓസീസ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഹാഡിന്റെ കരിയര്‍ അവസാനിക്കുകയാണെന്ന സൂചനയും ഈ തീരുമാനത്തില്‍ നിഴലിക്കുന്നുണ്ട്.

ലോര്‍ഡ്‌സിലെ തോല്‍വി ടീമിനെ അഴിച്ചുപണിയാന്‍ ആതിഥേയരെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ഓപ്പണിങ്ങില്‍ ഫോം കാണിക്കാത്ത ആദം ലൈത്തും മൂന്നാം നമ്പറില്‍ തിളങ്ങാത്ത ഗാരി ബാലന്‍സുമാണ് ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യങ്ങള്‍. ബാലന്‍സിനെ മാറ്റി ജോണി ബെയര്‍‌സ്റ്റോയെ മൂന്നാം ടെസ്റ്റില്‍ പരീക്ഷിക്കും.

ഓസീസിന്റെ മിച്ചല്‍ ജോണ്‍സണും ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിനും 2000 റണ്‍സും 300 വിക്കറ്റും എന്ന സ്വപ്ന നേട്ടത്തിനരികെയാണ്. ബ്രോഡിന് 2353 റണ്‍സും 296 വിക്കറ്റുമാണുള്ളത്. ജോണ്‍സണാകട്ടെ 1999 റണ്‍സും 299 വിക്കറ്റുമുണ്ട്.

സാധ്യതാ ടീം ഇംഗ്ലണ്ട്: കുക്ക്(ക്യാപ്റ്റന്‍), ലൈത്ത്, ബെല്‍, ജോ റൂട്ട്, ബെയര്‍‌സ്റ്റോ, സ്റ്റോക്‌സ്, ബട്‌ലര്‍, മോയീന്‍ അലി, ബ്രോഡ്, മാര്‍ക്ക് വുഡ്, ആന്‍ഡേഴ്‌സണ്‍.

ഓസ്‌ട്രേലിയ: വാര്‍ണര്‍, റോജേഴ്‌സ്, സ്മിത്ത്, ക്ലാര്‍ക്ക്(ക്യാപ്റ്റന്‍), വോജസ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍, ജോണ്‍സണ്‍, സ്റ്റാര്‍ക്, ഹെയ്‌സല്‍വുഡ്, നേതന്‍ ലയണ്‍.

Top