ബര്‍മിംഗ്ഹാം: ആഷസ് പരമ്പരയില്‍ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് അതിശക്തമായ തിരിച്ചുവരവ് നടത്തി. ടെസ്റ്റിലെ കനത്ത പരാജയത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് കങ്കാരുക്കളെ എറിഞ്ഞിട്ടു.
ആന്‍ഡേഴ്‌സണും സംഘവും ആഞ്ഞടിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് കേവലം 133 റണ്‍സില്‍ അവസാനിച്ചു.
ആറു വിക്കറ്റുമായി ആന്‍ഡേഴ്‌സണ്‍ ഓസീസിന്റെ അന്തകനായപ്പോള്‍ 52 റണ്‍സെടുത്ത ഓപ്പണര്‍ ക്രിസ് റോജേഴ്‌സ് മാത്രമെ ഓസീസ് നിരയില്‍ പിടിച്ചുനില്‍ക്കാനെങ്കിലും കഴിഞ്ഞുള്ളു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് മൂന്ന് റണ്‍സ് കൂടി മതി.
ആദം ലിത്ത്(10), ക്യാപ്റ്റന്‍ കുക്ക്(34), ഇയാന്‍ ബെല്‍(53) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 30 റണ്‍സോടെ റൂട്ടും ഒരു റണ്ണുമായി ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ ടോസില്‍ മാത്രമെ ഭാഗ്യം തുണച്ചുള്ളു. സ്‌കോര്‍ ബോര്‍ഡില്‍ ഏഴു റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ(2)ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
സ്‌കോര്‍ 18ലെത്തിയപ്പോള്‍ വിശ്വസ്തനായ സ്മിത്തിനെ(7) ഫിന്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ക്ലാര്‍ക്കിനെയും(10) മടക്കി ടീമിലേക്കുള്ള തിരിച്ചുവരവ് ഫിന്‍ ആഘോഷമാക്കിയപ്പോള്‍ ഓസീസിന്റെ നില പരുങ്ങലലിലായി.
ആദം വോഗ്‌സ്(26), മിച്ചല്‍ മാര്‍ഷ്(0), നെവില്‍(2), ജോണ്‍സണ്‍(3) എന്നിവരെ വീഴ്ത്തി ആന്‍ഡേഴ്‌സണ്‍ ആഞ്ഞടിച്ചപ്പോള്‍ ഓസീസ് ചാരമായി. റോജേഴ്‌സിനെയും സ്റ്റാര്‍ക്കിനെയും വീഴ്ത്തി ബ്രോഡും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.