ലണ്ടന്‍: കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ന്. ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന് മൈക്കല്‍ ക്ലാര്‍ക്കിനും ഓപ്പണിങ് ബാറ്റ്സ്മാന് ക്രിസ് റോജേഴ്സിനും കരിയറിലെ അവസാന മത്സരമാണ്.
അഞ്ചുടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണം തോറ്റ് 1-3ന് പരമ്പര അടിയറവെച്ച ഓസീസ് ടീം വിടപറയുന്ന താരങ്ങള്‍ക്ക് ഓര്‍മിക്കത്തക്ക മത്സരമായി ഓവല്‍ ടെസ്റ്റിനെ മാറ്റാന്‍ തയ്യാറെടുത്തു കഴിഞ്ഞു. അതേസമയം, വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനുറച്ചാണ് ഇംഗ്ലണ്ട് നായകന് അലസ്റ്റര്‍ കുക്കും സംഘവും.
ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന ഓസീസ് പിന്നീട് ബാറ്റിങ്ങിലെ പരാജയങ്ങളെത്തുടര്‍ന്ന് പരമ്പര അടിയറവെക്കുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ അവരെ 5-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഓസീസിനെ തികവുള്ള ബാറ്റിങ്ങും മൂര്‍ച്ചയുള്ള ബൗളിങ്ങും കൊണ്ടാണ് ഇംഗ്ലണ്ട് മലര്‍ത്തിയടിച്ചത്.
സ്വന്തം തട്ടകത്തിലെ അനുകൂലസാഹചര്യം അവര്‍ ശരിക്കും മുതലെടുത്തു. പേസ് ബൗളര്‍മാരും ബാറ്റ്സ്മാന്മാരും മാറിമാറി ടീമിന്റെ രക്ഷയ്ക്കെത്തിയതോടെ ഓസീസിന്റെ പിടി അയഞ്ഞു. ആ പ്രകടനം ഓവലില്‍ ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.