രൂപേഷിന്റെയും സംഘത്തിന്റെയും ജീവന് രക്ഷയായത് ആ ഇരുപത് പേരുടെ ജീവന്‍?

കോയമ്പത്തൂര്‍: നക്‌സലുകളെ വെടിവച്ചുകൊന്ന് ചരിത്രമുള്ള ആന്ധ്രയിലെ നക്‌സല്‍ വിരുദ്ധ സേനയായ ‘ഗ്രേഹണ്ടി’ ന്റെ പിടിയിലായ രൂപേഷും സംഘവും ‘ഏറ്റുമുട്ടലില്‍’നിന്നും രക്ഷപ്പെട്ടത് ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കൂട്ടക്കുരുതി വിവാദമായതിനെ തുടര്‍ന്ന്…?

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വന മേഖലയില്‍ ചന്ദനക്കൊള്ളക്കാരെന്ന പേരില്‍ തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ 20 പേരെ ആന്ധ്ര പൊലീസ് വെടിവച്ച് കൊന്നത് വന്‍ വിവാദമായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും കോടതിയും ഇടപെട്ട ഈ കേസില്‍ ഇപ്പോള്‍ സമഗ്ര അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും തമിഴ്‌നാട്ടിലെ മരംവെട്ട് തൊഴിലാളികളായതിനാല്‍ തമിഴ്‌നാട്ടിലും പ്രതിഷേധം കത്തിപ്പടര്‍ന്നിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പിടിയിലായതാണ് രൂപേഷിനും സംഘത്തിനും തുണയായതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സീമാന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കുഴിബോംബ് വച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രൂപേഷിന് പങ്കുണ്ടെന്ന സംശയവും ആന്ധ്ര പൊലീസിനുണ്ട്. മാവോയിസ്റ്റ് ഉന്നത നേതാവായ മല്ലരാജ റെഡ്ഡിയെ കേരളത്തില്‍ കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ചതടക്കമുള്ള 20ഓളം കേസുകളാണ് രൂപേഷിനെതിരെയുള്ളത്. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരളത്തില്‍ അടുത്ത കാലത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ രൂപേഷ് ആണെന്നാണ് കേരള പൊലീസിന്റെയും കണ്ടെത്തല്‍. മാവോയിസ്റ്റുകളെ പിടികൂടാന്‍ കോടികള്‍ ചെലവിട്ട് കേരള സര്‍ക്കാര്‍ തുറന്ന് വിട്ട ‘തണ്ടര്‍ ബോള്‍ട്ട് ‘ ‘ അണ്ടര്‍ ഗ്രൗണ്ടില്‍’ ആയപ്പോള്‍ രൂപേഷിനെയും സംഘത്തെയും പിടികൂടി മികവ് കാട്ടിയത് ആന്ധ്ര പൊലീസാണ്.

അതേസമയം കോയമ്പത്തൂരിലെ മരിത്താംപെട്ടിയിലെ ബേക്കറിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന ആന്ധ്ര- തമിഴ്‌നാട് പൊലീസ് സേനകളുടെ അവകാശവാദം തെറ്റാണെന്ന് രൂപേഷ് തന്നെ ആരോപിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

എസ്.പിയുടെ നേതൃത്വത്തില്‍ ആന്ധ്ര പൊലീസ് തങ്ങളെ തട്ടിക്കൊണ്ട് വരികയായിരുന്നുവെന്നാണ് രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

ഉന്നത മാവോയിസ്റ്റ് നേതാക്കളെ പിടികൂടി ഉടനെ തന്നെ കോടതിയില്‍ ഹാജരാക്കില്ലെന്ന് വിശ്വസിക്കുന്ന നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ വാദത്തെ സാദൂകരിക്കുന്നുണ്ട്.
ഇവരെ കസ്റ്റഡിയില്‍ വേണ്ട രൂപത്തില്‍ ചോദ്യം ചെയ്ത് കഴിഞ്ഞ ശേഷമാണ് ‘പിടികൂടല്‍ നാടകം’ നടത്തിയതെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നികരിക്കുന്ന പ്രധാന ആരോപണം.

Top