തിരുവനന്തപുരം: ബാര്‍ കോഴ വിഷയമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ, ഇടതുമുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സി പി എമ്മും സി പി ഐയും തമ്മിലുള്ള പ്രസ്താവനാ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യോഗത്തില്‍ ഇതും ചര്‍ച്ചക്ക് വന്നേക്കും. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ എം മാണിയോട് മൃദുസമീപനം കാട്ടി യു ഡി എഫിനെ സി പി എം സഹായിച്ചുവെന്ന സി പി ഐയുടെ ആരോപണവും വിഷയത്തില്‍ പ്രതിപക്ഷ നേതാവും സി പി ഐയും സ്വീകരിച്ച നിലപാടും ചര്‍ച്ചയാകും. ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കി സര്‍ക്കാറിനെതിരെ യോജിച്ചുള്ള സമരത്തിന് സാഹചര്യമൊരുക്കണമെന്ന് ഇതര ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടക്കും. കെ എം മാണിയെ ഇടതുമുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സി പി ഐയുടെ നിലപാട് തന്നെയാണ് ഘടകകക്ഷികളായ ജനതാദള്‍ സെക്കുലറും എന്‍ സി പിയും സ്വീകരിക്കുന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ മുന്നണിയെ ശിഥിലമാക്കുന്ന തരത്തിലുള്ള പരസ്യപ്രസ്താവനകളില്‍ നിന്ന് സി പി ഐയും സി പി എമ്മും പിന്മാറണമെന്നാണ് ഇരുവരുടെയും പക്ഷം.