ഇനി മുന്നിലും പുറകിലും ഡിസ്‌പ്ലേയുള്ള ഫോണും

യോട്ടാഫോണാണ് ഇരട്ട സ്‌ക്രീനുള്ള മൊബൈലുമായി രംഗത്തെത്തുന്നത്. ഒരു വശത്ത് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേയും മറുവശത്ത് ഇലക്ട്രോണിക്ക് പേപ്പര്‍ ഡിസ്‌പ്ലേയുമാണുള്ളത്. ഫോണ്‍ ഓണ്‍ ചെയ്യാതെ തന്നെ മെസേജ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഇലക്ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലേയില്‍ കാണാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇവായന സുഖകരമാക്കുക എന്നതും ഇരട്ട ഡിസ്‌പ്ലേ ഫോണിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്നാണ്.

യുഎഇ ആസ്ഥാനമായ ജമ്പോ ഇലക്ട്രോണിക്‌സ് ഫ്‌ലിപ്പ്കാര്‍ട്ടുമായി ചേര്‍ന്ന് വിപണിയിലെത്തിക്കുന്ന ഫോണിന്റെ വില 23,499 രൂപയായിരിക്കും.

ഫോണില്‍ ബാറ്ററി ചാര്‍ജ് കുറവാണെങ്കിലും ഇലക്ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലേ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുവെക്കാന്‍ സഹായിക്കും. മാപ്പുകള്‍, മീറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍, മിസ്സ്ഡ് കോളുകള്‍ എന്നിവ ഉപയോക്താവിന് ആവശ്യമുള്ള സമയം വരെ ശേഖരിച്ചുവെക്കാന്‍ രണ്ടാം സ്‌ക്രീന്‍ സഹായിക്കും.

4.3 ഇഞ്ച് വലിപ്പത്തിലാണ് ഡിസ്‌പ്ലേ. 1280×720 പിക്‌സല്‍ റെസല്യൂഷനില്‍ എല്‍സിഡി ടച്ച് സ്‌ക്രീനാണ് പ്രധാന ഡിസ്‌പ്ലേ. 640×360 പിക്‌സല്‍ റെസല്യൂഷനില്‍ 16 ഗ്രേ സ്‌കെയില്‍ ഇലക്ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലേയാണ് രണ്ടാമത്തെ സ്‌ക്രീനില്‍ വരുന്നത്.

സാധാരണ സ്മാര്‍ട്ട്‌ഫോണുകളില്‍ മെസ്സേജുകള്‍ നോക്കാനും മറ്റും പല തവണ ഫോണ്‍ ഓണ്‍ ചെയ്യുന്നതിനാല്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുമെന്ന പഠനത്തില്‍ നിന്നാണ് യോട്ടാഫോണ്‍ ഇരട്ട ഡിസ്‌പ്ലേയുള്ള ഫോണ്‍ എന്ന ആശയത്തിന് രൂപം നല്‍കിയത്.

Top