ബെര്‍ലിന്‍: വാല്‍ നക്ഷത്രത്തില്‍ ദൗത്യ പേടകം ഇറക്കുകയെന്ന ബഹിരാകാശ ഉദ്യമം സമ്പൂര്‍ണ വിജയം. ചുര്യമോവ്ഗരാസിമെങ്കോ വാല്‍ നക്ഷത്രത്തില്‍ ഇറങ്ങാനുള്ള ഫിലേ ലാന്‍ഡര്‍ പേടകം മാതൃപേടകമായ റോസറ്റയില്‍ നിന്ന് വേര്‍പ്പെട്ട് വാല്‍നക്ഷത്രത്തിന്റെ നിശ്ചിത മേഖലയില്‍ കൃത്യമായി പതിച്ചു. ഇന്ത്യന്‍ സമയം പകല്‍ രണ്ടരയോടെയാണ് വാല്‍ നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് ഫിലേ, മാതൃപേടകത്തില്‍ നിന്ന് വേര്‍പെട്ട് നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങിയത്. ഫിലേയുടെ യാത്ര ഏതാണ്ട് ഏഴ് മണിക്കൂര്‍ നീണ്ടു നിന്നു. അജില്‍കിയ എന്ന് വിളിക്കുന്ന വാല്‍നക്ഷത്ര ഭാഗത്താണ് ഫിലേ ലാന്‍ഡര്‍ ഇറങ്ങിയത്. ലാന്‍ഡറിലെ സ്‌ക്രൂകള്‍ വാല്‍ നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ ആഴ്ന്നിറങ്ങുകയും ആദ്യ സന്ദേശം രാത്രി 9.35ഓടെ (16.5 ജി എം ടി) ഭൂമിയില്‍ എത്തുകയും ചെയ്തതോടെ ചരിത്ര വിജയം സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
‘ഇത് മനുഷ്യ നാഗരികതയുടെ കുതിച്ചു ചാട്ടമാണ്’ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ജീന്‍ ജാക്വസ് ഡോര്‍ഡെയിന്‍ പറഞ്ഞു. 2004 മാര്‍ച്ച് രണ്ടിനാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി(ഇസ)യുടെ റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് വാല്‍നക്ഷത്രത്തിലേക്ക് കുതിച്ചത്. പത്ത് വര്‍ഷമെടുത്ത് 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി. ജര്‍മനിയിലെ ദംസ്റ്റാട്ടിലുള്ള ഇസയുടെ ദൗത്യ നിയന്ത്രണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഫിലേയുടെ സഞ്ചാരം നിരീക്ഷിച്ചത്.
പേടകം വാല്‍നക്ഷത്രത്തിലേക്ക് ഇറങ്ങുന്ന ദൃശ്യം 8.30ഓടെ തന്നെ പേടകത്തിനകത്തെ പേലോഡുകള്‍ ഭൂമിയിലെത്തിച്ചിരുന്നു. അന്തിമ സ്ഥിരീകരണം വന്നതോടെ ശാസ്ത്രജ്ഞര്‍ ആഹ്ലാദ നൃത്തം ചവിട്ടു. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസ പരിണാമങ്ങളെ കുറിച്ചും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ ഈ നിര്‍ണായക നേട്ടം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഫിലേ ലാന്‍ഡറിന്റെ പ്രവര്‍ത്തന രീതിയാണ് അതിനെ ചരിത്രപരമാക്കുന്നത്. നിയന്ത്രിതാവരോഹണം അഥവാ സോഫ്റ്റ് ലാന്‍ഡിംഗായിരുന്നു ഫിലേയുടേത്. മുമ്പ് നടന്ന ഇത്തരം ദൗത്യങ്ങളെല്ലാം ഇടിച്ചിറക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ വേഗം വളരെ കുറച്ച് സാവധാനം ഇറങ്ങുകയാണ് ചെയ്തത്.