ന്യൂഡല്‍ഹി: ചുമാര്‍ മേഖലയില്‍ നിന്നു പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെ ലഡാഖിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സേനയുടെ കടന്നുകയറ്റം. കഴിഞ്ഞദിവസം അതിര്‍ത്തി ലംഘനമുണ്ടായതിനു തൊട്ടടുത്ത പര്‍വതത്തിലാണ് 35 ചൈനീസ് സൈനികര്‍ താവളമുറപ്പിച്ചത്. ഡെംചോക്ക്, ചുമാര്‍ മേഖലയില്‍ നിന്നു പിന്മാറിയ സൈനികരും അതിര്‍ത്തിയോടു ചേര്‍ന്നു തന്നെ നിലയുറപ്പിച്ചു. ചൈനീസ് സേനയ്ക്കു മുഖാമുഖമായി ഇന്ത്യന്‍ സേനയും നിരന്നിട്ടുണ്ട്. ഇതോടെ, യഥാര്‍ഥ നിയന്ത്രണ രേഖയില്‍ വീണ്ടും സംഘര്‍ഷം കനത്തു.
നിയന്ത്രണ രേഖയില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കിയതിനു കടകവിരുദ്ധമായാണു ചൈനയുടെ നീക്കം.
ഇന്ത്യ ചൈന ഉച്ചകോടിയിലെ ധാരണയനുസരിച്ച് കഴിഞ്ഞദിവസം ഇരു സേനകളും നിയന്ത്രണ രേഖയില്‍ നിന്നു പിന്മാറിത്തുടങ്ങിയിരുന്നു. എന്നാല്‍, 300ലേറെ വരുന്ന ചൈനീസ് സേന കാര്യമായ പിന്മാറ്റത്തിനു തയാറാകാതിരിക്കുകയും നിയന്ത്രണ രേഖയോടു ചേര്‍ന്നു നിലയുറപ്പിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ സേനയും പിന്മാറ്റത്തിന്റെ വേഗം കുറച്ചു. ടെന്റുകള്‍ വീണ്ടും സ്ഥാപിച്ചു. ഇതിനിടെയാണു തൊട്ടടുത്ത പര്‍വതത്തിലേക്ക് 35 സൈനികര്‍ കടന്നുകയറിയതും ഇതു ചൈനയുടെ മേഖലയാണെന്ന അവകാശമുന്നയിച്ചതും.
ഡെംചോക്കില്‍ പിന്മാറിയ ചൈനീസ് സൈനികരില്‍ ചിലര്‍ ഇപ്പോഴും നിയന്ത്രണ രേഖയിലൂടെ പ്രകോപനമുണ്ടാക്കും വിധം നടക്കുകയാണ്. ശേഷിക്കുന്നവര്‍ വാഹനങ്ങളില്‍ നിരീക്ഷണം നടത്തുന്നു.
അതേസമയം, അതിര്‍ത്തിയില്‍ ഇപ്പോള്‍ ചൈനീസ് സേനയുടെ സാന്നിധ്യമില്ലെന്നു വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.