ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി ഗാംഗുലി; തീരുമാനം വൈകാതെയുണ്ടാവുമെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചേക്കാന്‍ സാധ്യത. ഗാംഗുലിയെ ടീം ഡയറക്ടര്‍, ഹൈ പെര്‍ഫോര്‍മന്‍സ് മാനേജര്‍, ക്രിക്കറ്റ് ഉപദേശക സമിതി തലവന്‍ സ്ഥാനങ്ങളിലേക്കാണ് ബിസിസിഐ പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് പരസ്യമാക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ കളിക്കാരനും ക്യാപ്റ്റനുമാണ് ഗാംഗുലിയെന്ന് അദ്ദേഹത്തെ ബിസിസിഐയുമായി സഹകരിപ്പിക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തേക്ക് ടീമിന്റെ ചുമതല നല്‍കുകയാണെങ്കില്‍ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ഗാംഗുലി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. 2019 ലോകകപ്പ് ക്രിക്കറ്റിനായി ടീമിനെ വാര്‍ത്തെടുക്കുകയാണ് ഗാംഗുലിയുടെ ലക്ഷ്യം. ജൂണില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ഗാംഗുലിയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ടീം ഡയറക്ടര്‍ എന്ന സ്ഥാനം സംബന്ധിച്ച് ബിസിസിഐയിലും അഭിപ്രായഭിന്നതയുണ്ട്. നിലവില്‍ ടീം ഡയറക്ടറായ രവി ശാസ്ത്രിയെ ആ സ്ഥാനത്തു നിന്ന് മാറ്റുമെന്നുറപ്പാണ്. എങ്കിലും ശാസ്ത്രിയെ പൂര്‍ണമായും ഒഴിവാക്കാന്‍ ബിസിസിഐ തയാറായേക്കില്ല. ടീമുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന ശാസ്ത്രിയെ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ പ്രമുഖ സ്ഥാനം നല്‍കാനാണ് ബിസിസിഐയില്‍ ആലോചന. ഗാംഗുലിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയാണ് ബിസിസിഐ അധ്യക്ഷനെന്നതും ശാസ്ത്രിക്ക് ശ്രീനിവാസന്‍ പക്ഷക്കാരനെന്ന പ്രതിച്ഛായയുണ്ടെന്നതും ഗാംഗുലിയ്ക്ക് അനുകൂല ഘടകമാണ്.

Top