കൊല്‍ക്കത്ത: തുടര്‍ച്ചയായ അവഗണനയും നിക്ഷേപങ്ങളുടെ അപര്യാപ്തതയും നിമിത്തം ഇന്ത്യന്‍ റയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമാണെന്ന് റയില്‍വെ മന്ത്രി സുരേഷ് പ്രഭു. ഇന്ത്യന്‍ റയില്‍വെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 120 ബില്യണ്‍ ഡോളര്‍ ഈ മേഖലയില്‍ മുതല്‍ മുടക്കുമെന്നും അദേഹം വ്യക്തമാക്കി.
വര്‍ഷാവര്‍ഷങ്ങളായി തുടരുന്ന തികഞ്ഞ അവഗണനയും അടിസ്ഥാന സൗകര്യ വികസനത്തില്‍ മുതല്‍മുടക്കുന്ന തുകയുടെ അപര്യാപ്തതയുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയ്ക്കായി നീക്കിവയ്‌ക്കേണ്ടിയിരുന്ന തുക അതിനായി നീക്കിവയ്ക്കാന്‍ നമുക്കു സാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ സൗകര്യങ്ങള്‍ വച്ച് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗിക്ക് സമമായ ഇന്ത്യന്‍ റയില്‍വെയ്ക്ക് ചൈനീസ് റയില്‍വെ ഉള്‍പ്പെടെയുള്ളവരുമായി മാരത്തോണ്‍ മല്‍സരത്തില്‍ ഏര്‍പ്പെടാനാകില്ലെന്നും സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ റയില്‍വെയെ എപ്പോഴും ചൈനീസ് റയില്‍വെയുമായണ് എല്ലാവരും താരതമ്യം ചെയ്യുന്നതെന്നും അവരുടെയൊപ്പമെത്തണമെങ്കില്‍ നാം വന്‍തുക റയില്‍വെയില്‍ മുതല്‍മുടക്കിയേ മതിയാകൂ എന്നും സുരേഷ് പ്രഭു പറഞ്ഞു.