ഇന്ത്യന്‍ കാര്‍ ഓഫ് ദ് ഇയര്‍(ഐ കോടി) പുരസ്‌കാരം കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോറിന്. പ്രീമിയം ഹാച്ച്ബാക്കായ എലീറ്റ് ഐ 20 ആണ് പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായിയുടെ തന്നെ ഗ്രാന്‍ഡ് ഐ 10 ആണ് ഇന്ത്യന്‍ കാര്‍ ഓഫ് ദ് ഇയര്‍ ബഹുമതി നേടിയത്.
ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വലിയ അംഗീകാരമായി വിലയിരുത്തപ്പെടുന്ന ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ് ഇയര്‍(ഐ മോടി) ബഹുമതി ഇത്തവണ ഹാര്‍ലി ഡേവിഡ്‌സന്‍ സ്ട്രീറ്റ് 750 നേടി.
വില, ഇന്ധനക്ഷമത, രൂപകല്‍പ്പന, യാത്രാസുഖം, സുരക്ഷിതത്വം, പ്രകടനക്ഷമത, പ്രായോഗികത, സാങ്കേതികതലത്തിലെ പുതുമ, പണത്തിനൊത്ത മൂല്യം, ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യങ്ങളുമായുള്ള പൊരുത്തം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ‘ഐ മോടിയുടെയും ‘ഐ കോടിയുടെയും അന്തിമ വിധി നിര്‍ണയം.
കഴിഞ്ഞ ഓഗസ്റ്റ് 11ന് അരങ്ങേറ്റം കുറിച്ച ‘എലീറ്റ് ഐ 20 ഡിസംബര്‍ ആദ്യ വാരത്തിനകം 56,000 ബുക്കിങ് നേടിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. വിപണി സ്വീകരിച്ച ഈ മികവിനെയാണ് രാജ്യത്തെ മുന്‍നിര ഓട്ടമൊബീല്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും വ്യവസായ പ്രമുഖരും ഉള്‍പ്പെട്ട വിധി നിര്‍ണയ സമിതിയും ‘2015 ഐ കോടി അവാര്‍ഡിലൂടെ അംഗീകരിക്കുന്നത്.
നിരത്തിലെത്തി മൂന്നു മാസത്തിനകം തന്നെ അഭിമാനാര്‍ഹമായ വിജയമാണ് ‘എലീറ്റ് ഐ 20 സ്വന്തമാക്കിയതെന്നു ഹ്യുണ്ടായ് അവകാശപ്പെട്ടിരുന്നു.
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഹാര്‍ലി ഡേവിഡ്‌സന്‍ മോഡല്‍ എന്ന പെരുമയോടെയായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ‘സ്ട്രീറ്റ് 750 അരങ്ങേറിയത്. ഈ ബൈക്കിന്റെ മികവില്‍ യു എസില്‍ നിന്നുള്ള ഹാര്‍ലി ഡേവിഡ്‌സന്‍ ഇന്ത്യിയല്‍ തകര്‍പ്പന്‍ മുന്നേറ്റവും കൈവരിച്ചു. നിരത്തിലെത്തിയതിന്റെ അടുത്ത മാസം ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സന്‍ വില്‍പ്പനയുടെ 60 ശതമാനത്തോളമാണ് ‘സ്ട്രീറ്റ് 750 സ്വന്തം പേരില്‍ കുറിച്ചത്.
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ ‘സയാമിന്റെ കണക്കനുസരിച്ച് ഏപ്രിലില്‍ 210 ‘സ്ട്രീറ്റ് 750 ആണു ഹാര്‍ലി ഡേവിഡ്‌സന്‍ വിറ്റത്; കമ്പനിയുടെ മൊത്തം വില്‍പ്പനയാവട്ടെ 361 ബൈക്കുകളും.
ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ നിലവിലുള്ള പരമോന്നത ബഹുമതി സ്വന്തമാക്കാനുള്ള മത്സരത്തില്‍ 12 വീതം കാറുകളും മോട്ടോര്‍ സൈക്കിളുകളുമായിരുന്നു രംഗത്ത്. കാര്‍ വിഭാഗത്തില്‍ ‘ഹ്യുണ്ടായ് എലീറ്റ് ഐ 20, മാരുതി സുസുക്കി ‘സിയാസ്, ‘ഹോണ്ട സിറ്റി എന്നിവയും ബൈക്കുകളില്‍ ‘സ്ട്രീറ്റ് 750, കെ ടി എം ആര്‍ സി 390, സുസുക്കി ‘ജിക്‌സര്‍ എന്നിവയും അന്തിമ പട്ടികയില്‍ ഇടം നേടി.