ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഡ്യൂപ്പര്‍ ‘ഖാന്‍ ബ്രദേഴ്സ്

‘ചേട്ടനെ ഇന്ത്യന്‍ ടീമിലേക്കെടുത്തത് സെഞ്ച്വറിയടിച്ച് ആഘോഷിക്കുന്ന അനിയന്‍’. അങ്ങനെയൊരു അത്യപൂര്‍വ നിമിഷത്തിനാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനും അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന, അദ്ദേഹത്തിന്റെ സഹോദരന്‍ മുഷീര്‍ ഖാനുമാണ് ഈ നിമിഷം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സര്‍ഫറാസിനെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് 26 കാരനായ താരത്തിന് ടെസ്റ്റ് ടീമിലേക്കുള്ള വഴിയൊരുങ്ങിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ വിസ്മയം തീര്‍ത്തിട്ടും ഇന്ത്യന്‍ ടീമെന്നത് സര്‍ഫറാസിന് വിദൂരമായിരുന്നു. നീണ്ട പത്തുവര്‍ഷത്തെ നിരന്തരമായ അവഗണനകള്‍ക്കും തഴയലുകള്‍ക്കുമൊടുവിലാണ് സര്‍ഫറാസ് ഇന്ത്യന്‍ സീനിയര്‍ സ്‌ക്വാഡില്‍ ഇടംപിടിക്കുന്നത്.

 സര്‍ഫറാസ് തന്റെ ഏറ്റവും വലിയ സ്വപ്‌നത്തിലേക്ക് ഒരു ചുവടുകൂടി അടുത്തപ്പോള്‍ അനിയന്‍ മുഷീര്‍ തിളങ്ങിയത് ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് മുഷീര്‍ സെഞ്ച്വറിയടിച്ചത്. 126 പന്തില്‍ 13 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പടെ 131 റണ്‍സാണ് മുഷീര്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സ്‌കോററും മുഷീര്‍ ഖാനാണ്.

ടൂര്‍ണമെന്റില്‍ മുഷീര്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഇതിന് മുന്‍പ് അയര്‍ലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു മുഷീര്‍ ഖാന്‍ മൂന്നക്കം തികച്ചത്. 106 പന്തില്‍ 118 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മുഷീര്‍ ഖാന്റെ സെഞ്ച്വറിക്കരുത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ കൗമാരപ്പട സ്വന്തമാക്കിയത് 201 റണ്‍സിന്റെ കൂറ്റന്‍ വിജയവും.

മറ്റൊരു അപൂര്‍വനിമിഷം ഈ ഖാന്‍ സഹോദരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചു. ഒരു വീട്ടിലേക്ക് ഒരേ ദിവസം തന്നെ രണ്ട് സെഞ്ച്വറി. മുഷീര്‍ അയര്‍ലന്‍ഡിനെതിരെ അടിച്ചുതകര്‍ത്തതിന് നിമിഷങ്ങള്‍ക്ക് മുന്നേ ചേട്ടന്‍ സര്‍ഫറാസും സെഞ്ച്വറി നേടിയിരുന്നു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിന് വേണ്ടിയായിരുന്നു സര്‍ഫറാസിന്റെ സെഞ്ച്വറി. നാലാം നമ്പറില്‍ ക്രീസിലെത്തിയ താരം 160 പന്തില്‍ 15 ബൗണ്ടറിയും അഞ്ച് സിക്‌സുമടക്കം 161 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമ്പോഴും പിന്നീട് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പിന്മാറിയ വിരാട് കോഹ്‌ലിയുടെ പകരക്കാരനെ പ്രഖ്യാപിക്കുമ്പോഴും തുടര്‍ന്ന അവഗണനയ്ക്ക് സര്‍ഫറാസിന്റെ മറുപടിയായിരുന്നു അത്. വിശാഖപട്ടണത്ത് ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസിന് തിരഞ്ഞെടുക്കാന്‍ ഒരു കാരണമായതും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നേടിയ ഇതേ സെഞ്ച്വറിയാണ്.

Top