ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1990ല്‍ ആറേകാല്‍ ലക്ഷം കാന്‍സര്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2013ല്‍ ഇരട്ടിയായി. 11.7 ലക്ഷം.
എന്നാല്‍, മരണനിരക്ക് കുറഞ്ഞതായി വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ പഠനം വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ലോകത്തെ കാന്‍സര്‍ കേസുകള്‍ 85 ലക്ഷത്തില്‍നിന്ന് ഒന്നരക്കോടിയായി ഉയര്‍ന്നു.
‘ഗ്ലോബര്‍ ബേര്‍ഡന്‍ ഓഫ് കാന്‍സര്‍ 2013’ എന്ന പഠനം ഉള്‍ക്കൊള്ളുന്ന ജമാ ഓങ്കോളജി ജേണല്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്ത്രീകളിലെ സ്തനാര്‍ബുദമാണ് കൂടുതല്‍ ജീവനെടുക്കുന്നത്.
പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വര്‍ധിക്കുന്നുവെങ്കിലും കൂടുതല്‍ മരണത്തിനിടയാക്കുന്നത് ശ്വാസകോശ കാന്‍സറാണ്. 1990ല്‍ 34,962 സ്ത്രീകള്‍ കഴുത്തിലെ കാന്‍സര്‍ മൂലം ഇന്ത്യയില്‍ മരിച്ചു.
2013ല്‍ ഇത് 40,985 ആയി. സ്തനാര്‍ബുദം മൂലം ജീവന്‍ നഷ്ടപ്പെട്ടത് 47,587 പേര്‍ക്കാണ്;166 ശതമാനം വര്‍ധന.
1990ലെ കണക്കനുസരിച്ച് 30,188 പേര്‍ വയറിലെ കാന്‍സര്‍ മൂലം മരിച്ചു. 2013ല്‍ എത്തുമ്പോള്‍ ശ്വാസകോശ കാന്‍സറാണ് കൂടുതല്‍ ജീവനെടുക്കുന്നത് 45,333. ഉദരാര്‍ബുദം 33 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ പ്രോസ്‌റ്റേറ്റ് കാന്‍സറില്‍ 220 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും അതിവേഗം പടരുന്നത് വായിലെ കാന്‍സറാണ്. നേരത്തേ രോഗനിര്‍ണയം നടത്തിയാല്‍ ഇവ പൂര്‍ണഭേദമാക്കാനാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.