ധാക്ക : ഒക്‌റ്റോബര്‍ രണ്ടിന് പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാടകയ്ക്കു നല്‍കിയ വീട്ടിലുണ്ടായ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകന്റെ ഭാര്യ ഉള്‍പ്പെടെ എട്ട് പേര്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍. മുഖ്യ ആസൂത്രകന്‍ സാജിദിന്റെ ഭാര്യ ഫാത്തിമ ബീഗം ഉള്‍പ്പെടെ മൂന്ന് സഹായികളും ഒരു പാക്കിസ്ഥാനി ഉള്‍പ്പെടെ അഞ്ച് ഭീകരരെയുമാണു ബംഗ്ലാദേശ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ 25 ഓളം സ്ത്രീകള്‍ക്ക് ഭീകരര്‍ പരിശീലനം നല്‍കിയതായി ഫാത്തിമ സമ്മതിച്ചതായി ധാക്ക മെട്രൊപൊളിറ്റിയന്‍ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ മസ്ദൂര്‍ റഹ്മാന്‍.
ജമാ അത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്(ജെഎംബി) ഭീകരവാദ സംഘടന വനിതാ വിഭാഗം തലവയാണ് ഫാത്തിമയെന്നും പൊലീസ്. ബര്‍ദ്വാന്‍ സ്‌ഫോടനത്തില്‍ ബംഗ്ലാദേശ് ബന്ധം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു.
ബംഗ്ലാദേശ് ലക്ഷ്യമിട്ടാണ് ജെഎംബിയുടെ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിപക്ഷ നേതാവ് ഖാലിദ സിയ എന്നിവരാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരെ ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി അന്വേഷണവും ആരംഭിച്ചു.
ധാക്കയിലെ സധാര്‍ഘട്ടില്‍ നിന്നാണ് ഫാത്തിമ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയതത്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ബോംബ് നിര്‍മാണ വസ്തുക്കളും ജിഹാദി ലേഖനങ്ങളും കണ്ടെടുത്തു. പാക്കിസ്ഥാനി ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ അറസ്റ്റിലായത് വടക്കന്‍ തീര നഗരമായ ചിറ്റാഗോങ്ങില്‍ നിന്നാണ്.
കഴിഞ്ഞയാഴ്ച ഇന്ത്യന്‍ എന്‍ഐഎ സംഘം 15 ഓളം പേരുകളും ഇവരുടെ ഫോണ്‍ നമ്പരുകളും ബംഗ്ലാദേശി പൊലീസിനു കൈമാറിയിരുന്നു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
കോല്‍ക്കത്തയിലെ ഷിമുലിയ മേഖലയില്‍വച്ചാണ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയതെന്ന് ഫാത്തിമയുടെ വെളിപ്പെടുത്തല്‍. ഇവരില്‍ മൂന്നു പേര്‍ ജെഎംബിയില്‍ ആകൃഷ്ടരായെന്നും ഇവരെല്ലാം തന്നെ പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പുനരധിവാസം വാഗ്ദാനം ചെയ്താണു ഇവരെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചത്.അടുത്തിടെ ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ അറസ്റ്റിലായ മ്യാന്‍മര്‍ സ്വദേശി ഖാലിദ് മുഹമ്മദിന് ബോംബ് നിര്‍മാണത്തിനുള്ള പരിശീലനം ലഭിച്ചത് പാക്കിസ്ഥാന്‍ ഭീകര സംഘടന തെഹരിക് ഇ ഇന്‍സാഫില്‍ നിന്നാണെന്നും കണ്ടെത്തിയിരുന്നു.