ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1.4 കോടിയിലേറെ ജനങ്ങള്‍ ഇപ്പോഴും അടിമത്വത്തിന്റെ ഇരകളാണെന്ന് റിപ്പോര്‍ട്ട്. വേശ്യാവൃത്തി മുതല്‍ ബോണ്ട് ജോലി വരെയുള്ള മേഖലകളില്‍ ഗവേഷണം നടത്തിയ ശേഷം വന്ന റിപ്പോര്‍ട്ടിലാണിത്. ലോകത്ത് 3.58 കോടി ജനങ്ങളാണ് അടിമത്വത്തിലുള്ളത്. നേരത്തെ നടത്തിയ പഠനത്തില്‍ നിന്ന് വ്യത്യസ്തമായി വിദൂരസ്ഥലത്ത് നിന്നടക്കം പഠനം നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആസ്‌ത്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി വാക് ഫ്രീ ഫൗണ്ടേഷനാണ് പഠനം നടത്തിയത്.
2.98 കോടി ജനങ്ങള്‍ അടിമത്വത്തിലേക്കും, ലൈംഗിക ചൂഷണം, തൊഴില്‍ മേഖലയിലെ ചൂഷണം എന്നിവയിലേക്കും ജനിച്ചുവീഴുന്നതായി ഫൗണ്ടേഷന്‍ നടത്തിയ പ്രഥമ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മൗറിത്താനിയ, ഉസ്‌ബെക്കിസ്ഥാന്‍, ഹെയ്തി, ഖത്തര്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങളിലാണ് ‘ആധുനിക അടിമത്വം’ നിലവിലുള്ളത്. 167 രാഷ്ട്രങ്ങളില്‍ 1.43 കോടി പേര്‍ അടിമത്വ ജീവിതം നയിക്കുന്ന ഇന്ത്യയാണ് മുന്നില്‍. ജനസംഖ്യാ അടിസ്ഥാനത്തില്‍ മൗറിത്താനിയയിലാണ് ഏറ്റവും കൂടുതല്‍ അടിമ ജീവിതങ്ങളുള്ളത്. നേരത്ത 96 ാം സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍ നാലാം സ്ഥാനത്തായിരിക്കുകയാണ്. നിര്‍ബന്ധിത ജോലി കാരണമോ വിവാഹം കാരണമോ വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികള്‍ മുതല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നിന്നുള്ള വലിയ ബാധ്യത കാരണം ജോലി ഉപേക്ഷിക്കാന്‍ കഴിയാത്ത പുരുഷന്‍മാരും കൂലിയില്ലാതെ പീഡനത്തിനിരയാകുന്ന ഗാര്‍ഹിക തൊഴില്‍ ചെയ്യുന്ന വനിതകളും വരെ ഈ പട്ടികയിലുണ്ട്.
ഇത്തരത്തില്‍ ആധുനിക കാലത്തെ അടിമത്വത്തിന് വിഭിന്ന മുഖങ്ങളാണ്. എല്ലാ രാജ്യങ്ങളിലും ആധുനിക അടിമത്വം നിലനില്‍ക്കുന്നുണ്ട്. അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ച് നല്‍കാതെ ലാഭത്തിനോ ലൈംഗികതക്കോ വേണ്ടി അക്രമത്തിലൂടെയോ സമ്മര്‍ദത്തിലൂടെയോ വഞ്ചനയിലൂടെയോ ഒരാളെ കൈവശപ്പെടുത്തി വെക്കുകയെന്നതാണ് അടിമത്വം കൊണ്ട് ഫൗണ്ടേഷന്‍ വിവക്ഷിക്കുന്നത്. 39 ലക്ഷം ജനസംഖ്യയുള്ള പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ മൗറിത്താനയില്‍ നാല് ശതമാനം പേരും അടിമകളാണ്.