ഇന്ത്യയുടെ ആദ്യ മത്സരം നാളെ

മെല്‍ബണ്‍: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലയയുമായി ഏറ്റുമുട്ടും. ടെസ്റ്റിലെ പോരായ്മകള്‍ പരിഹരിച്ച് ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. ടെസ്റ്റില്‍ പ്രകടനം മോശമാണെങ്കിലും ഏകദിനത്തിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍വെച്ച് നടന്ന ഏകദിന പരമ്പരയിലും തോല്‍പ്പിച്ചിരുന്നു.
ഏകദിനത്തിലെ ഏറ്റവും വിശ്വസ്ത ബാറ്റ്‌സ്മാന്‍മാനായ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ടീം യുവരക്തത്താല്‍ സമ്പന്നമാണ്.
ഊര്‍ജസ്വലരായ ഒരുകൂട്ടം താരങ്ങളുള്‍പ്പെട്ടതാണ് ഇന്ത്യന്‍ നിര. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മികച്ച ഫോമും പ്രതീക്ഷ നല്‍കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറികള്‍ നേടിയ കോഹ്ലി ഓസ്‌ട്രേലിയന്‍ സാഹചര്യവുമായി ഇണങ്ങിക്കഴിഞ്ഞു.
രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ കോഹ്ലിയും ധോണിയും നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഓസ്‌ട്രേലിയയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ടീം കോമ്പിനേഷനില്‍ ഇന്ത്യന്‍ നിരയില്‍ ചില ആശങ്കളുണ്ട്. മൂന്ന് ഓപ്പണര്‍മാരും ഏകദിനമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ആരൊക്കെ ചേര്‍ന്നാകും ഓപ്പണിങ് എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് ധാരണയില്ല. ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍.

Top